എറണാകുളം: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിൽ മോചിതനാകാന്‍ തയാറാകാതെ വ്യവസായി ബോബി ചെമ്മണ്ണൂർ. ജയിലിൽ നിന്നും പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂർ ജയിൽ അധികൃതരെ അറിയിച്ചു.
ബോബിയുടെ നിസഹകരണം ജയിൽ അധികൃതർ നാളെ കോടതിയെ അറിയിക്കും. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് ആവശ്യപ്പെട്ടതായാണ് വിവരം. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് എന്നാണ് ബോബി അറിയിച്ചത്. അഭിഭാഷകർ ഇല്ലാത്ത, ബോണ്ട് തുക കെട്ടിവയ്ക്കാൻ പറ്റാത്ത നിരവധി തടവുകാർ ജയിലിൽ തുടരുന്നുണ്ട്. ഇവർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബിയുടെ നിലപാട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. 50,000 രൂപയുടെ ബോണ്ട്, തത്തുല്യ ആൾജാമ്യം എന്നിവയോടെയാണ് ജാമ്യം.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യം ആവർത്തിക്കരുത് എന്നിങ്ങനെയാണ് ജാമ്യ ഉപാധികൾ. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ബോഡി ഷേമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കറുത്തത്, തടിച്ചത്, മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.