ന്യൂഡൽഹി:ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി ഒപിഡി സേവനങ്ങൾ ബഹിഷ്‌കരിക്കുന്നത് തുടരാൻ തീരുമാനിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ). റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം.
'ഇന്ത്യയിലെ എല്ലാ ആർഡിഎകളുമായും ഞങ്ങൾ ഒരു മീറ്റിങ് നടത്തി. വിഷയം ഇതുവരെ പരിഹരിച്ചിട്ടില്ല. ഞങ്ങളുടെ ആവശ്യം HCW വിനുള്ള (ഹെൽത്ത് കെയർ വർക്കർ) കേന്ദ്ര സംരക്ഷണമാണെന്ന് ആഭ്യന്തമന്ത്രി അമിത് ഷായെയും, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെയും അറിയിച്ചിട്ടുണ്ട്. സമരം ഞങ്ങൾ തുടരും' - എഫ്എഐഎംഎ ഡോക്‌ടേഴ്‌സ് അസോസിയേഷൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
അതേസമയം, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി), മഹാരാഷ്‌ട്ര അസോസിയേഷൻ ഓഫ് റസിഡന്‍റ് ഡോക്‌ടേഴ്‌സ് (എംഎആർഡി) എന്നിവിടങ്ങളിലെ റസിഡന്‍റ് ഡോക്‌ടർമാരും അസോസിയേഷൻ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പൂർണമായി അംഗീകരിച്ച് രേഖാമൂലം നൽകുന്നതുവരെ സമരം തുടരാൻ തീരുമാനിച്ചു.
'ബിഎംസിയുടേയും എംഎആർഡിയുടേയും ഭാരവാഹികൾ ഒരു യോഗം വിളിച്ചിരുന്നു. അസോസിയേഷൻ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും പൂർണമായി അംഗീകരിക്കുകയും രേഖാമൂലം നൽകുകയും ചെയ്യുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം അവസാനിപ്പിക്കാൻ ഒരു നടപടിയും സ്വീകരിക്കില്ല' എന്ന് ബിഎംസിയും എംഎആർഡിയും പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടർ ഓഗസ്‌റ്റ് 9 നാണ് കൊല്ലപ്പെട്ടത്. സംഭവം മെഡിക്കൽ സമൂഹത്തിനകത്തും പുറത്തും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഇതിനെ തുടർന്ന് ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 13), ദക്ഷിണ ബിഹാറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ അനുഗ്രഹ് നാരായൺ മഗധ് മെഡിക്കൽ കോളജ് ആശുപത്രിയിലെ (എഎൻഎംഎംസി) ഡോക്‌ടർമാരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് അഗർത്തല ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ (എജിഎംസി) റസിഡന്‍റ് ഡോക്‌ടർമാരും ചൊവ്വാഴ്‌ച പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Also Read: യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി