ന്യൂഡൽഹി: അപ്രതീക്ഷിത ട്വിസ്‌റ്റുകളും അട്ടിമറി വിജയപരാജയങ്ങളുമായി ഉദ്വേഗഭരിത കാഴ്‌ചകള്‍ ജനാധിപത്യത്തിന് സമ്മാനിച്ച തെരഞ്ഞെടുപ്പായിരുന്നു 2024 ലോക്‌സഭ തെരഞ്ഞെടുപ്പ്. വന്‍ വിജയം പ്രതീക്ഷിച്ച് 240 സീറ്റുകള്‍ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന ബിജെപിയും 99 സീറ്റ് നേടിയ കോണ്‍ഗ്രസും ഈ അട്ടിമറിക്കുദാഹരണങ്ങളാണ്.
വാരണാസിയില്‍ കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയെ 1,52,513 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നരേന്ദ്ര മോദി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മോദി നേടിയ ഭൂരിപക്ഷത്തില്‍ 3 ലക്ഷത്തിലധികം വോട്ടിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. അതേസമയം, അമിത് ഷാ ഗാന്ധി നഗറിൽ കോൺഗ്രസിന്‍റെ സോനം രണാംഭായ് പട്ടേലിനെതിരെ 7,44,716 വോട്ടുകൾക്കാണ് വിജയിച്ചത്. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി രവിദാസ് മെഹ്‌റോത്രയെ 1,35,159 വോട്ടുകൾക്ക് മറികടന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടർച്ചയായ മൂന്നാം തവണയും ലഖ്‌നൗ സീറ്റ് ഉറപ്പിച്ചു.
മധ്യപ്രദേശിലെ ഇൻഡോര്‍ എംപി ശങ്കർ ലാൽവാനി 12,26,751 വോട്ടിന്‍റെ ഏറ്റവും ഉയർന്ന മാർജിനോടെയാണ് വിജയം നേടിയത്. ബഹുജൻ സമാജ് പാർട്ടിയുടെ സഞ്ജയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിച്ചത്. രണ്ട് ലക്ഷം വോട്ടുകൾ നേടി നോട്ടയും ഇവിടെ റെക്കോർഡിട്ടു.
കങ്കണ റണാവത്തും മാണ്ഡിയിലൂടെ രാഷ്‌ട്രീയ അരങ്ങേറ്റം കുറിച്ചു. കോൺഗ്രസിന്‍റെ വിക്രമാദിത്യ സിങ്ങിനെതിരെ 74,755 വോട്ടുകൾക്ക് വിജയിച്ചു. വിദിഷ ലോക്‌സഭ സീറ്റിൽ മത്സരിച്ച ബിജെപി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ കോൺഗ്രസിന്‍റെ പ്രതാപനു ശർമക്കെതിരെ 8,21,408 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
റായ്ബറേലിയിൽ ബിജെപിയുടെ ദിനേഷ് പ്രതാപിനെ 3,90,030 വോട്ടിന്‍റെ കൂറ്റന്‍ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി പരാജയപ്പെടുത്തിയത്. വയനാട്ടിലും മികച്ച ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്‍റെ വിജയം. സിപിഐയുടെ ആനി രാജയെക്കാൾ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വയനാട്ടിൽ ജയിച്ചു കയറിയത്.