കോത്‌പുലി: രാജസ്ഥാനിലെ കോത്പുലിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി ചേതന മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. പത്ത് ദിവസം നീണ്ട തീവ്ര പരിശ്രമത്തിനൊടുവില്‍ ഇന്ന് വൈകിട്ടോടെ പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
150 അടി ആഴത്തില്‍ നിന്ന് എഎസ്‌ഐ മഹാവീര്‍ സിങ്ങാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേന കുട്ടിയെ ബിഡിഎം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷമേ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് പറയാനാകൂ എന്ന് നേരത്തെ കളക്‌ടര്‍ കല്‍പന അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു. 170 അടി കുഴിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്താനായത്. സ്ഥലത്ത് ആംബുലന്‍സും പൊലീസും സജ്ജരായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആശുപത്രിയിലും പരിസരപ്രദേശത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ കലക്‌ടര്‍, ജില്ലാ പൊലീസ് മേധാവി മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി കുട്ടിയില്‍ നിന്ന് പ്രതികരണമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
കളിക്കുന്നതിനിടെ ഡിസംബര്‍ 23നാണ് ചേതന കുഴല്‍ക്കിണറിലേക്ക് വീഴുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തുരങ്കം ഉണ്ടാക്കുന്നതിനിടെയുണ്ടായ കല്ലുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കിയതെന്ന് ജില്ലാ കലക്‌ടര്‍ കല്‍പ്പന അഗര്‍വാള്‍ പറഞ്ഞിരുന്നു.