ന്യൂഡല്‍ഹി: നഗരത്തിലെ ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധമത കേന്ദ്രങ്ങളും തകര്‍ക്കാന്‍ ബിജെപി കരുക്കള്‍ നീക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി രംഗത്ത്. എഎപി പുരോഹിതന്‍മാര്‍ക്ക് 18000 രൂപ പ്രതിമാസ ഓണറേറിയം നല്‍കുമെന്ന പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം ബിജെപിയോ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ ഓഫീസോ മുഖ്യമന്ത്രിയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആറ് മതസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ കീഴിലുള്ള ഒരു മത സമിതി നവംബര്‍ 22ന് നടന്ന യോഗത്തില്‍ തീരുമാനിച്ചതായി അതിഷി കഴിഞ്ഞ ദിവസം അദ്ദേഹത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രങ്ങളും ബുദ്ധമതവിഹാരങ്ങളും അടക്കമുള്ളവയാണ് തകര്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ അതിഷിയുടെ കത്തിനോട്, അവര്‍ തരം താണ രാഷ്‌ട്രീയം കളിക്കുകയാണെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ഒരു മതസ്ഥാപനങ്ങളും തകര്‍ക്കുന്നില്ല. ഇത്തരത്തില്‍ തനിക്ക് ഒരു ഫയലും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ തന്‍റെ കത്തിനോട് സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണമായും നുണയാണെന്ന് മുഖ്യമന്ത്രി അതിഷി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മതസമിതിയുടെ യോഗത്തിന്‍റെ മിനിറ്റ്സിന്‍റെ പകര്‍പ്പും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. സമിതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ബിജെപി നയിക്കുന്ന കേന്ദ്രത്തിന്‍റെ പ്രതിനിധിയായ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അയച്ച് കൊടുത്തു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയെന്നും ഇവര്‍ പറയുന്നു.
എംസിഡി, ഡിഎം ഓഫീസുകള്‍ക്കും പൊലീസിനും ഇതേക്കുറിച്ച് വിവരം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും സൂചനയുണ്ട്. സുന്ദര്‍ നഗ്രിയിലുള്ള ഡോ. ബി ആര്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള ബുദ്ധമത വിഹാരം പൊളിക്കാനുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച മത സമിതി ഡല്‍ഹി സര്‍ക്കാരിന്‍റെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയുടെ അംഗീകാരം ആവശ്യമാണ്.
മതസ്ഥാപനങ്ങള്‍ ക്രമസമാധാന വിഷയമാണെന്നും അത് കൊണ്ട് തന്നെ ഇത് കേന്ദ്രത്തിന്‍റെ പരിധിയില്‍ വരുന്നതാണെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഉത്തരവിറക്കുകയുമുണ്ടായെന്ന് മുഖ്യമന്ത്രി പറയുന്നു. പിന്നീട് ഇവരുടെ തീരുമാനങ്ങളൊന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെയോ ആഭ്യന്തരമന്ത്രിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നില്ലെന്നും അതിഷി പറയുന്നു.
ആരാധനാലയങ്ങള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബിജെപിയും ലഫ്റ്റന്‍റ് ഗവര്‍ണറും പിന്‍മാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ ഇരട്ടമുഖമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അതിഷി ആരോപിച്ചു. ഒരു വശത്ത് ഇവര്‍ ഹിന്ദുക്കളുടെ വക്താക്കളാകുന്നു. മറു വശത്ത് ക്ഷേത്രങ്ങള്‍ പൊളിക്കുന്നുവെന്നും അതിഷി പറഞ്ഞു.
ബിജെപി ഹിന്ദുക്കള്‍ക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും അതിഷി ആരോപിച്ചു. എന്നാല്‍ അവര്‍ മതത്തിന്‍റെ പേരില്‍ വോട്ട് പിടിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. വെസ്റ്റ് പട്ടേല്‍ നഗര്‍, ദില്‍ഷാദ് ഗാര്‍ഡന്‍, സുന്ദര്‍ നഗരി, സീമാപുരി, ഗോകല്‍പുരി, ന്യൂ ഉസ്‌മാന്‍പൂര്‍ എന്നിവിടങ്ങളിലുള്ള ആരാധനാലയങ്ങളാണ് പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.