ന്യൂഡൽഹി : അരങ്ങേറ്റക്കാരും ശക്തരായ എതിരാളികളും സാധ്യതയില്ലാത്ത മത്സരാർത്ഥികളും തുടങ്ങി നിരവധി പേര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഭാഗമാകും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്ന ചില പ്രധാന മത്സര കേന്ദ്രങ്ങളാണ് വാരണാസി, അമേഠി, ബരംപൂര്‍, ന്യൂഡൽഹി, രാജ്‌നന്ദ്ഗാവ്, ചുരു, വെസ്റ്റ് ഡൽഹി, ചിന്ദ്വാര, ഷിമോഗ തുടങ്ങിയവ. കൂടാതെ കേരളത്തില്‍ വയനാട്, തിരുവനന്തപുരം, തൃശൂര്‍ എന്നീ മണ്ഡലങ്ങളുമാണ് ഏവരും ഉറ്റുനോക്കുന്നത്. മത്സരിക്കാനിറങ്ങുന്ന സ്ഥാനാര്‍ഥികളാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്നും ഇവയെ വ്യത്യസ്ഥമാക്കുന്നത്.
വാരണാസിയിൽ നരേന്ദ്ര മോദി : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും വാരണാസിയിൽ നിന്ന് മത്സരിക്കും. 2014 ൽ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ അദ്ദേഹം 2019 ൽ സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവിനെതിരെയും വിജയിച്ചു.
ഏറെ ശ്രദ്ധ നേടിയ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2019 ൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാരണാസിയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു, എന്നാൽ മണ്ഡലത്തിൽ 2014 ൽ അജയ് റായിയെയാണ് പാർട്ടി രംഗത്തിറക്കിയത്. മോദി രംഗത്തെത്തുന്നതിന് മുമ്പ് വാരണാസി സീറ്റ് ബിജെപി നേതാവ് മുരളി മനോഹർ ജോഷിയുടെ കൈവശമായിരുന്നു.
വയനാട്ടിൽ രാഹുൽഗാന്ധി, ആനി രാജ പോരാട്ടം വയനാട്ടിൽ രാഹുൽഗാന്ധി, ആനി രാജ പോരാട്ടം: കേരളത്തിലെ വയനാട്ടിൽ നിന്ന് രണ്ടാം തവണയും ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐ നേതാവും വനിത അവകാശ പ്രവർത്തകയുമായ ആനി രാജയെ നേരിടും. കോൺഗ്രസും സിപിഐയും ഇന്ത്യൻ സഖ്യത്തിൽ അംഗങ്ങളായതിനാൽ മത്സരം പൊതു താൽപര്യം ഉണർത്തിയിട്ടുണ്ട്.
ആനി രാജയുടെ ഭർത്താവും പാർട്ടി ജനറൽ സെക്രട്ടറിയുമായ ഡി രാജ രാഹുല്‍ ഗാന്ധിക്കൊപ്പം സ്ഥിരമായി വേദി പങ്കിടാറുണ്ട്. 2019 ൽ വയനാട് മണ്ഡലത്തിൽ നിന്ന് സിപിഐയിലെ പി പി സുനീറിനെ 4.31 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിയുടെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണ്‍ ജനറൽ സെക്രട്ടറിയായ ആനി രാജ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുകയാണ്.
അമേഠിയിൽ സ്‌മൃതി ഇറാനിക്കെതിരെ ആര് : ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്‍റെ കുത്തകയായിരുന്ന അമേഠിയിൽ കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും കടുത്ത മത്സരമാണ് നടന്നത്. 2014 ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച ബിജെപിയുടെ സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടു. പിന്നീട് 2019 ൽ രാഹുൽ ഗാന്ധിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത ശേഷം വീണ്ടും ജനവിധി തേടുമ്പോൾ, കോൺഗ്രസ് ഇതുവരെ അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 2004 മുതൽ 2019 വരെ പാർലമെന്‍റിൽ അമേഠിയെ പ്രതിനിധീകരിച്ചു. നേരത്തെ സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും പിന്നീട് സോണിയ ഗാന്ധിയും പ്രതിനിധീകരിച്ച സീറ്റ് തിരിച്ചുപിടിക്കാൻ അദ്ദേഹം അമേഠിയിൽ മത്സരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നു. മണ്ഡലത്തിൽ നിന്നുള്ള സ്‌മൃതി ഇറാനിയുടെ മൂന്നാമത്തെ പോരാട്ടമാണിത്.
അനന്തപുരിയില്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും പന്ന്യൻ രവീന്ദ്രനും അനന്തപുരിയില്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും : സിറ്റിംഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി നാലാം തവണയും ജനവിധി തേടുന്നു. ലോക്‌സഭയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെ കൂടാതെ 2005 ൽ മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഐയിലെ പന്ന്യൻ രവീന്ദ്രനാണ് മത്സരരംഗത്തുള്ള മറ്റൊരു പ്രമുഖൻ.
ബരംപൂരിൽ അധിർ രഞ്ജൻ ചൗധരി VS യൂസഫ് പത്താൻ ബരംപൂരിൽ അധിർ രഞ്ജൻ ചൗധരി VS യൂസഫ് പത്താൻ :കോണ്‍ഗ്രസിന്‍റെ ലോക്‌സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കൈവശംവയ്ക്കുന്ന കോൺഗ്രസ് കോട്ടയാണ് പശ്ചിമ ബംഗാളിലെ ബരംപൂർ. ഇവിടെയാണ് മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താനെ തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കിയത്. പശ്ചിമ ബംഗാൾ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്‍റായ ചൗധരി 1999 ൽ ബരംപൂരിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അഞ്ച് തവണ എംപിയായി ബരംപൂരിനെ പ്രതിനിധീകരിച്ചു. കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ബാൻസുരി സ്വരാജ്, സോമനാഥ് ഭാരതി ന്യൂഡൽഹിയിൽ ബാൻസുരി സ്വരാജ്, സോമനാഥ് ഭാരതി - ന്യൂഡൽഹിയിൽ : രണ്ട് തവണ എംപിയും കേന്ദ്ര സഹമന്ത്രിയുമായ മീനാക്ഷി ലേഖിയെ ബിജെപി ഈ സീറ്റിൽ നിന്ന് മാറ്റി അന്തരിച്ച കേന്ദ്രമന്ത്രി, സുഷമ സ്വരാജിന്‍റെ മകൾ ബൻസുരി സ്വരാജിനെ നിയോഗിച്ചിരിക്കുകയാണ്. ആം ആദ്‌മി പാർട്ടി (എഎപി) മാളവ്യ നഗർ എംഎൽഎ സോമനാഥ് ഭാരതിയെയാണ് മത്സരത്തിനിറക്കുന്നത്. ദേശീയ തലസ്ഥാനത്ത് കോൺഗ്രസും എഎപിയും സഖ്യത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ മണ്ഡലത്തിലെ മത്സരത്തിന് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
ഭൂപേഷ് ബാഗേലും സന്തോഷ് പാണ്ഡെയും നേര്‍ക്കുനേര്‍ രാജ്‌നന്ദ്ഗാവിൽ ഭൂപേഷ് ബാഗേലും സന്തോഷ് പാണ്ഡെയും നേര്‍ക്കുനേര്‍ : മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ കോട്ടയായ ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്ഗാവ് സീറ്റിലാണ് കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ മത്സരത്തിനിറക്കിയത്. ബിജെപിയുടെ സിറ്റിംഗ് എംപി സന്തോഷ് പാണ്ഡെയുമായാണ് അദ്ദേഹം മത്സരിക്കുന്നത്. 2009 ന് ശേഷം ബിജെപിക്ക് ഈ സീറ്റ് നഷ്‌ടമായിട്ടില്ല. ബിജെപിയുടെ കോട്ടയിൽ നിന്ന് വിജയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ചുരുവിൽ ആരൊക്കെ : ചുരുവിൽ നിന്ന് രണ്ട് തവണ എംപിയായ രാഹുൽ കസ്വാൻ കഴിഞ്ഞയാഴ്‌ച ബിജെപിയിൽ നിന്ന് രാജിവച്ച് അതേ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പാരാലിമ്പിക് ചാമ്പ്യൻ ദേവേന്ദ്ര ജജാരിയയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. പത്മഭൂഷൺ ജാവലിൻ ത്രോ താരം ജജാരിയ രണ്ടു തവണ പാരാലിമ്പിക്‌സിൽ സ്വർണവും ഒരു തവണ വെള്ളിയും നേടിയിട്ടുണ്ട്.
രാജസ്ഥാനിലെ ശെഖാവതി മേഖലയിൽ നിന്നുള്ള മൂന്നാം തലമുറ ജാട്ട് രാഷ്‌ട്രീയക്കാരനാണ് കസ്വാൻ. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടിയുടെ അഭിനേഷ് മഹർഷിയെ പരാജയപ്പെടുത്തി വിജയിച്ചതോടെ 37-ാം വയസിൽ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാംഗമായി. 2014 ൽ 2.94 ലക്ഷം വോട്ടിന്‍റെ റെക്കോർഡ് മാർജിനിലാണ് അദ്ദേഹം വിജയിച്ചത്, ഇത് ചുരു ലോക്‌സഭ മണ്ഡലത്തിലെ എക്കാലത്തെയും ഉയർന്ന വിജയമായിരുന്നു. നാല് തവണ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച പിതാവ് രാം സിംഗ് കസ്വാന്‍റെ പിൻഗാമിയുമാണ്.
പടിഞ്ഞാറന്‍ ഡൽഹിയിൽ ആരെല്ലാം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായിരുന്ന മഹാബൽ മിശ്ര എഎപി സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതോടെയാണ് സീറ്റ് എഎപിക്ക് ലഭിച്ചത്. 2009 ൽ ബിജെപിയുടെ ജഗദീഷ് മുഖിയെ പരാജയപ്പെടുത്തി പശ്ചിമ ഡൽഹിയിൽ നിന്ന് കോൺഗ്രസ് എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
സിറ്റിംഗ് എംപി പ്രവേഷ് വർമയെ മാറ്റി സൗത്ത് ഡൽഹി മുൻ മേയർ കമൽജീത് സെഹ്‌രാവത്തിനെയാണ് ബിജെപി മത്സരിപ്പിച്ചത്. 2019ൽ, ഡൽഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളെയും താരതമ്യം ചെയ്യുമ്പോള്‍ 5,78,000 വോട്ടിന്‍റെ ഉയർന്ന മാർജിനിലാണ് വർമ ഈ സീറ്റ് നേടിയത്.
ചിന്ദ്വാരയിൽ നകുൽ നാഥും വിജയ് കുമാർ സാഹുവും : മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെതിരെ 2023 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിവേക് ബണ്ടി സാഹു, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് എംപിയായ നകുൽ നാഥിനെ നേരിടും.
നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്‍റെ മുതിർന്ന നേതാവും ഒമ്പത് തവണ എംപിയുമായ കമൽനാഥിന്‍റെ ശക്തികേന്ദ്രമാണ് ചിന്ദ്വാര മണ്ഡലം. മറുവശത്ത്, വിവേക് സാഹു ചിന്ദ്വാര അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് 'ചിന്ദ്വാര കാ ബേട്ട' എന്ന പേരിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും ഇതുവരെ വിജയിക്കാനായില്ല.
തൃശൂരില്‍ കെ മുരളീധരന്‍, സുരേഷ് ഗോപി, വിഎസ് സുനില്‍ കുമാര്‍ തൃശൂരിനെ ആരെടുക്കും : കേരളത്തിലെ വടകരയിൽ നിന്നുള്ള കോൺഗ്രസ് എംപിയായ കെ മുരളീധരനാണ് ഇത്തവണ തൃശൂരിൽ മത്സരിക്കുന്നത്. മുരളീധരന്‍റെ സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് മാറിയതിന് പിന്നാലെയാണ് നടപടി. മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മക്കളാണ് മുരളീധരനും പത്മജയും. ബിജെപിയാകട്ടെ, നടനും രാഷ്‌ട്രീയക്കാരനുമായ സുരേഷ് ഗോപിയെ തൃശൂരിൽ നിന്ന് മത്സരിപ്പിക്കുന്നു. മുൻ കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിനെയാണ് സിപിഐ മണ്ഡലത്തിൽ മത്സരത്തിനിറക്കിയത്.
ഷിമോഗയിൽ ബി വൈ രാഘവേന്ദ്രയും കെഎസ് ഈശ്വരപ്പയും : കർണാടകയിലെ ഷിമോഗ ലോക്‌സഭ സീറ്റ് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കുടുംബത്തിന്‍റെ കോട്ടയായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, ഇത്തവണ നാടകീയമായ സംഭവവികാസങ്ങൾക്കാണ് മണ്ഡലം സാക്ഷിയാകുന്നത്. ബിജെപി മുതിർന്ന നേതാവായ കെ എസ് ഈശ്വരപ്പ ഷിമോഗ ലോക്‌സഭ സീറ്റിൽ ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്രക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഹാവേരി ലോക്‌സഭ സീറ്റിൽ മത്സരിക്കാൻ മകൻ കെ ഇ കാന്തേഷിന് പാർട്ടി ടിക്കറ്റ് നല്‍കാത്തതിനെ തുടർന്നാണിത്.