ഡെറാഡൂൺ:കത്വ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികരും ഉത്തരാഖണ്ഡ് സ്വദേശികൾ. അഞ്ച് സൈനികരിൽ രണ്ട് പേർ വീതം ഉത്തരാഖണ്ഡിലെ പൗരി, തെഹ്‌രി സ്വദേശികളാണ്. ഒരാൾ രുദ്രപ്രയാഗ് നിവാസിയുമാണ്. തെഹ്‌രിയിൽ നിന്നുള്ള ആദർശ് നേഗി, നായിക് വിനോദ് സിങ്, പൗരിയിൽ നിന്നുള്ള ഹവിൽദാർ കമൽ സിങ്, അനുജ് നേഗി, രുദ്രപ്രയാഗിലെ നായിബ് സുബേദാർ ആനന്ദ് സിങ് എന്നിവരാണ് കശ്‌മീരില്‍ ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചത്.
തിങ്കളാഴ്‌ച (ജൂലൈ 8) ഉച്ചയോടെ കത്വയിലെ മച്ചേദി മേഖലയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. 22 ഗർവാൾ റൈഫിൾസിന്‍റെ പട്രോളിങ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
തെഹ്‌രിയിലെ ഇരട്ട ദുരന്തം:തെഹ്‌രി ജില്ലയിലെ താതി ദാഗർ സ്വദേശിയാണ് കൊല്ലപ്പെട്ട ആദർശ് നേഗി. ഗവൺമെൻ്റ് ഇൻ്റർ കോളജ് പിപ്ലിദാറിലാണ് അദ്ദേഹം 12 -ാം ക്ലാസ് വരെ പഠിച്ചത്. 2019 ൽ ഗർവാൾ സർവകലാശാലയിൽ നിന്ന് ബിഎസ്‌സി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ആദർശ് നേഗി ഗർവാൾ റൈഫിൾസിൽ ചേർന്നത്.
കത്വ ഭീകരാക്രമണത്തിൽ തെഹ്‌രി ഗർവാൾ ജില്ലയിലെ നായിക് വിനോദ് സിങും വീരമൃത്യു വരിച്ചിരുന്നു. ചൗണ്ട് ജസ്‌പൂർ സ്വദേശിയാണ് വിനോദ് സിങ്. വിനോദ് സിങിൻ്റെ കുടുംബം ഡെറാഡൂണിലെ ഭനിയവാലയിലാണ് താമസിക്കുന്നത്.
പൗരിയിലെ വിലാപം:കത്വ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരിൽ പൗരി ജില്ലയിലെ ഹവിൽദാർ കമൽ സിങ്, റൈഫിൾമാൻ അനുജ് നേഗി എന്നിവരും ഉൾപ്പെടുന്നു. ലാൻസ്‌ഡൗൺ തഹസിൽ പാപ്രി ഗ്രാമമാണ് ഹവിൽദാർ കമൽ സിങിന്‍റെ സ്വദേശം, അനുജ് നേഗി റിഖ്‌നിഖൽ താലൂക്കിലെ ദോബാരിയ ഗ്രാമത്തിലെ താമസക്കാരനായിരുന്നു.
രുദ്രപ്രയാഗിനും നടുക്കം: രുദ്രപ്രയാഗ് ജില്ലയിലെ കണ്ടഖൽ നിവാസിയായ നായിബ് സുബേദാർ ആനന്ദ് സിങ് റാവത്തും ജമ്മു കശ്‌മീരിലെ കത്വയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബം ഡെറാഡൂണിലും അമ്മയും സഹോദരനും രുദ്രപ്രയാഗിലെ ഗ്രാമത്തിലുമാണ് താമസിക്കുന്നത്.
പ്രതിരോധ മന്ത്രി ദുഃഖം രേഖപ്പെടുത്തി:കത്വ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. കത്വയിലെ ബദ്‌നോട്ടയിലുണ്ടായ ഭീകരാക്രമണത്തിൽ നമ്മുടെ ധീരരായ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പ്രസ്‌താവനയിൽ പറഞ്ഞു.
സൈനികരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം, ഈ ദുഷ്‌കരമായ സമയത്ത് രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനം തുടരുകയാണ്, പ്രദേശത്ത് സമാധാനം നിലനിർത്താൻ നമ്മുടെ സൈനികർ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ഈ ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Also Read:കത്വ ഭീകരാക്രമണം: ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ സുരക്ഷ ശക്തമാക്കി സൈന്യം