ചെന്നൈ :തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുടെ ഭര്‍ത്താവ് മുരസൊലി സെല്‍വം (84) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കരുനാധിയുടെ മകളും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഇളയ സഹോദരിയുമായ എംകെ സെല്‍വിയുടെ ഭര്‍ത്താവാണ് സെല്‍വം. മുരസൊലി പത്രത്തിന്‍റെ മാനേജിങ് എഡിറ്റര്‍ ആയിരുന്നു. ഡിഎംകെ പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം മുന്‍ കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ വിശ്വസ്‌തനുമായിരുന്ന മുരസൊലി മാരന്‍റെ അര്‍ധ സഹോദരനാണ്. ഡിഎംകെയുടെ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കരുണാനിധി സ്ഥാപിച്ച മുരസൊലി ദിനപത്രത്തിന്‍റെ മാനേജിങ് എഡിറ്റർ എന്ന നിലയിലാണ് സെൽവം അറിയപ്പെടുന്നത്.
തനിക്ക് തലചായ്‌ക്കാനുള്ള അവസാന തോളും നഷ്‌ടമായെന്ന്, സെല്‍വത്തിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചു. ചെറുപ്പം മുതലേ പാർട്ടി പ്രവർത്തനങ്ങളിൽ ഉപദേശം നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ പരിഹാരവുമായി തോളോട് തോൾ ചേർന്ന് നിൽക്കുകയും ചെയ്‌ത മുരസൊലി സെൽവം തന്‍റെ ജ്യേഷ്‌ഠനും ഉപദേശകനുമാണ് എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.