ബെംഗളൂരു :കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതിൽ പ്രതിഷേധിച്ച് ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡിഗരെ കേൾക്കാത്തതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'കർണാടകയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ സർവകക്ഷി എംപിമാരുടെ യോഗം വിളിച്ചിരുന്നിട്ടും കേന്ദ്ര ബജറ്റ് നമ്മുടെ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചു'വെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി നിർമല സീതാരാമനും കർണാടകയിലെ ജനങ്ങളുടെ ആശങ്ക അവഗണിച്ചു.
'കന്നഡിഗർ പറയുന്നത് കേൾക്കുമെന്ന് തോന്നുന്നില്ല. അതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ അർഥമില്ല. പ്രതിഷേധ സൂചകമായി ജൂലൈ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാനായി ഞങ്ങൾ തീരുമാനിച്ചു.' -സിദ്ധരാമയ്യ പോസ്റ്റ് ചെയ്‌തു.