ബെംഗളൂരു :വിചാരണ കോടതി വിധിച്ച 22 ലക്ഷം രൂപയുടെ നഷ്‌ടപരിഹാരം 38 ആക്കി വര്‍ധിപ്പിച്ച് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 26കാരനാണ് കോടതി നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിച്ച് നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ യുവാവിന് ഇനി വിവാഹ ജീവിതം സാധ്യമല്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ശിമോഗ ജില്ലയില്‍ നിന്നുള്ള യുവാവാണ് തനിക്ക് നഷ്‌ടപരിഹാരം വര്‍ധിപ്പിച്ച് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട ധര്‍വാഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് വിജയകുമാര്‍ എ പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശാരീരികവും മാനസികവുമായ നഷ്‌ടം പണം കൊണ്ട് അളക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ശാരീരിക നഷ്‌ടം പണം കൊണ്ട് നികത്താനാകില്ല. മാനുഷിക ബുദ്ധിമുട്ടുകള്‍ പണവുമായി താരതമ്യപ്പെടുത്താനാകില്ല. എന്നാല്‍ ഇവിടെ മറ്റ് മാര്‍ഗമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരന്‍ ഒരു കര്‍ഷകനാണെന്നും സുപ്രീം കോടതിയുടെ നിരവധി ഉത്തരവുകള്‍ നിരത്തി കോടതി പറഞ്ഞു. അപകടത്തില്‍ മുട്ടിന് മുകളില്‍ വച്ച് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. ഇതോടെ കാര്‍ഷികവൃത്തി നടത്തി ജീവിക്കാന്‍ ഇദ്ദേഹത്തിന് കഴിയാതെ വന്നിരിക്കുകയാണ്. ഇതിന് പുറമെ അപകടത്തില്‍ പെട്ട യുവാവിന് കേവലം 26 വയസ് മാത്രമാണ് പ്രായം. വരും ദിവസങ്ങളില്‍ വിവാഹമടക്കമുള്ള സന്തോഷങ്ങളൊന്നും അനുഭവിക്കാനും ഇയാള്‍ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജീവിതവും ഏറെ ബുദ്ധിമുട്ടിലാകും.
പണത്തിന്‍റെ മൂല്യവും ഇദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഇടിയും. ഇദ്ദേഹത്തിന്‍റെ ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞേക്കാം എന്നതും പരിഗണിക്കേണ്ടതുണ്ട്. 90ശതമാനം വൈകല്യത്തോടെ വേണം ഇനിയുള്ള കാലം ഇദ്ദേഹം ജീവിക്കേണ്ടത്. അത് കൊണ്ട് തന്നെ നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.