ബെംഗളൂരു: മെട്രോ റെയിൽ നിരക്ക് കുറയ്ക്കാൻ ബെംഗളൂരു മെട്രോ കോർപറേഷനോട് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മെട്രോ റെയിൽ നിരക്കിൽ 50% വരെ വർധനവുണ്ടായ സാഹചര്യത്തിൽ യാത്രികരിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മെട്രോ നിരക്ക് പരിഷ്‌കരണത്തിലൂടെ ചില സ്ഥലങ്ങളിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്.
നിരക്ക് വർധിപ്പിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായെന്ന് സിദ്ധരാമയ്യ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. യാത്രക്കാരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിരക്കുകൾ ഉടൻ കുറയ്ക്കണമെന്ന് ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ഫെബ്രുവരി 9 മുതലാണ് മെട്രോയുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. മുൻപത്തെ 10 രൂപ മുതൽ 60 രൂപ വരെയുള്ള നിരക്കിൽ നിന്ന് 10 രൂപ മുതൽ 90 രൂപ വരെയാണ് വർധനവുണ്ടായത്. 10 രൂപയുടെ അടിസ്ഥാന നിരക്ക് ഒഴികെ ദൂരം കൂടുന്നതിന് അനുസരിച്ച് നിരക്ക് 5 രൂപ മുതൽ 30 രൂപ വരെയാണ് വർധിപ്പിച്ചത്.
വർധനവ് 50 ശതമാനം വരെയാണെന്ന് ബിഎംആർസിഎൽ അവകാശപ്പെട്ടെങ്കിലും പല റൂട്ടുകളിലും 50 ശതമാനത്തിൽ അധികം നിരക്ക് വർധനവുണ്ട്. 20 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. നിരക്ക് വർധിപ്പിച്ചതിലൂടെ 60 രൂപ വരെയാണ് ഇവർക്ക് അധിക ചെലവുള്ളത്.
Also Read:ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ആദായനികുതി ബില്‍ അവതരിപ്പിച്ചു, ലോക്‌സഭ പിരിഞ്ഞു, അടുത്ത മാസം പത്തിന് വീണ്ടും സമ്മേളിക്കും