ന്യൂഡൽഹി:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലെ കോൺഗ്രസിൻ്റെ ലോക്‌സഭ സ്ഥാനാർഥി കനയ്യ കുമാറിന് നേരെ ആക്രമണം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയ്‌ക്ക് നേരെ കറുത്ത മഷി എറിയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്‌ച ആയിരുന്നു സംഭവം.
എട്ടോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. എഎപി കൗൺസിലർ ഛായ ശർമയുടെ പരാതിയിലാണ് കേസെടുത്തതെന്ന് നോർത്ത്-ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജോയ് ടിർക്കി അറിയിച്ചു. ഛായ ശർമയോടും പ്രതികൾ അപമര്യാദയായി പെരുമാറിയതായി പരാതിയിൽ പറയന്നു.
വെള്ളിയാഴ്‌ച ന്യൂ ഉസ്‌മാൻപൂരിലെ എഎപി ഓഫിസിൽ നടന്ന യോഗത്തിൽ കനയ്യ കുമാർ പങ്കെടുത്തിരുന്നു. എഎപി കൗൺസിലർ ഛായ ശർമയാണ് യോഗത്തിന് നേതൃത്വം നൽകിയത്. യോഗത്തിന് ശേഷം ചിലരുമായി സംവദിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാവിനെതിരെ ആക്രമണം നടന്നത്. താനും കനയ്യയും കർതാർ നഗറിലെ പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ മാലയിടാനായി എത്തിയ ഏഴോ എട്ടോ പേർ മഷി എറിയുകയും മർദിക്കുകയും ചെയ്‌തതായി എഎപി കൗൺസിലർ പരാതിയിൽ പറയുന്നു.