ശ്രീനഗർ: ലൈല മജ്‌നുവിനെ പോലെ ഇഴപിരിയാത്ത ബന്ധമാണ് കാൻഗ്രിയും കശ്‌മീരും തമ്മിലുള്ളത്. മഞ്ഞുപെയ്യുന്ന രാത്രികളില്‍ കാന്‍ഗ്രിയെ കശ്‌മീരുകാര്‍ ചേര്‍ത്തുപിടിക്കും. മരംകോച്ചുന്ന തണുപ്പില്‍ കശ്‌മീര്‍ തണുത്ത് വിറയ്ക്കുന്ന കാലത്ത് കശ്‌മീരികളുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം കാന്‍ഗ്രിയുടെ ചൂടുപറ്റിയാണ്. തീക്കനലുകൾ കൊണ്ട് നിറച്ച പരമ്പരാഗത ഫയർ പോട്ടാണ് കാൻഗ്രി.
ശനിയാഴ്‌ച രാത്രി (ഡിസംബർ 21, 2024) മൈനസ് 8.5 ഡിഗ്രി സെൽഷ്യസാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു അത്. അസ്ഥി തുളയ്ക്കുന്ന തണുപ്പില്‍ കശ്‌മീരികൾക്കുള്ള ഏക സംരക്ഷണവും അവര്‍ കങ്കേര്‍ എന്ന് വിളിക്കുന്ന കാൻഗ്രിയാണ്.
കാന്‍ഗ്രി അഥവാ കങ്കേര്‍
ഇരു വശത്തും പിടികളുള്ള ഒരു മൾട്ടി - ലേയേർഡ് വിക്കർ ഫ്രെയിമിൽ ആവരണം ചെയ്യപ്പെട്ട കളിമൺ പാത്രങ്ങളാണ് കാന്‍ഗ്രി. എവിടെയും വെക്കാവുന്ന ഒരു ഹീറ്ററായാണ് കാന്‍ഗ്രി പ്രവര്‍ത്തിക്കുന്നത്.
A skilled artisan weaving kangri (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശരത് കാലത്തിന്‍റെ വരവറിയിച്ച് ചിനാർ മരങ്ങളുടെ ഇലകൾ കടും ചുവപ്പാകുന്നത് മുതല്‍ കശ്‌മീരില്‍ കാന്‍ഗ്രികള്‍ നിര്‍മിച്ചു തുടങ്ങും. താഴ്‌വരയെ വലയം ചെയ്യാന്‍ പോകുന്ന കഠിന ശൈത്യത്തെ നേരിടാനുള്ള മുന്നൊരുക്കമാണിത്.
പുരാതനം, പരമ്പരാഗതം...
കശ്‌മീരി ചരിത്രകാരനായ കൽഹണയുടെ 12-ആം നൂറ്റാണ്ടിലെ രാജതരംഗിണിയിലും കാന്‍ഗ്രിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. സർവവ്യാപിയായ ഈ അഗ്നികുണ്ഡത്തിന് മറ്റ് ഉപയോഗങ്ങളുമുണ്ട്.
ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങിയവ ചുട്ടെടുക്കാനും കുന്തിരിക്കം കത്തിച്ച് സുഗന്ധം പരത്താനുമെല്ലാം ഇതുപയോഗിക്കുന്നു. നവ ദമ്പതികള്‍ക്ക് ശൈത്യ കാലത്തിന് മുന്നോടിയായി അലങ്കരിച്ച കാൻഗ്രിയില്‍ ബദാം നിറച്ച് കൊടുക്കുന്ന പതിവുമുണ്ട് കശ്‌മീരില്‍.
വില്ലോ മരത്തിന്‍റെ തോലുകളാല്‍ ആവരണം ചെയ്യപ്പെട്ട ച്രാർ കാന്‍ഗ്രിയാണ് കൂട്ടത്തില്‍ ഏറ്റവും വിലപിടിപ്പുള്ളവ. ചരാർ-ഇ-ഷെരീഫിൽ നിന്നും ഇത് വാങ്ങാനാകും. ബന്ദിപ്പോര, അനന്ത്‌നാഗ് എന്നിവിടങ്ങളിൽ നിന്നുള്ള കാന്‍ഗ്രികളും പ്രസിദ്ധമാണ്. ഓരോന്നിനും വ്യതിരിക്തമായ രൂപകൽപ്പനയും ഗുണങ്ങളുമുണ്ട്.
കാന്‍ഗ്രി വില്‍പ്പനശാല (ETV Bharat) കാന്‍ഗ്രിയുടെ സാധ്യത മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. നിസാര വഴക്കുകളിലോ രാഷ്‌ട്രീയ പോരാട്ടങ്ങളിലോ എതിരാളികളെ ആക്രമിക്കാൻ കനല്‍ നിറച്ച കാൻഗ്രി ഒരു ആയുധമായി ഉപയോഗിക്കാറുണ്ട്.
കാന്‍ഗ്രി ഗ്രാമങ്ങള്‍
ശ്രീനഗറിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ, തെക്കൻ കശ്‌മീരിലെ കുൽഗാമിൽ കാന്‍ഗ്രികള്‍ നിര്‍മിക്കുന്ന നിരവധി ഗ്രാമങ്ങളുണ്ട്. ഇവരുടെ കരകൗശല വിദ്യയാണ് കാന്‍ഗ്രിയെ പരിപൂർണ്ണമാക്കുന്നത്. എല്ലാ വർഷവും ആയിരക്കണക്കിന് പരമ്പരാഗത ഫയർ പോട്ടുകളാണ് ഇവര്‍ തയ്യാറാക്കുന്നത്.
തണ്ണീർത്തടങ്ങളിൽ നിന്ന് ചില്ലകൾ ശേഖരിച്ച് ഇവ തിളപ്പിച്ച് തൊലികളഞ്ഞ് ഉണക്കിയ ശേഷമാണ് മൺപാത്രങ്ങൾക്ക് ചുറ്റും നെയ്തെടുക്കുന്നത്. 'കഴിഞ്ഞ 30 വർഷമായി, ഈ കച്ചവടം ചെയ്‌ത് എന്‍റെ കുടുംബത്തെ പോറ്റുന്നു. ഒരു കാന്‍ഗ്രി നെയ്യാൻ ഒന്നര മണിക്കൂർ എടുക്കും. ഞങ്ങളുടെ ഗ്രാമം പ്രതിമാസം 1200 കാൻഗ്രികൾ തയ്യാറാക്കുന്നു. ഞങ്ങൾ അവ വ്യാപാരികൾക്ക് വിൽക്കും'- ബുംരത്ത് ഗ്രാമത്തിൽ കാന്‍ഗ്രി നിര്‍മിക്കുന്ന നസീർ അഹമ്മദ് മിർ (50) ഇടിവി ഭാരതിനോട് പറഞ്ഞു.
കശ്‌മീരിലെ കാന്‍ഗ്രി വില്‍പ്പനശാല (ETV Bharat) 'ഓരോ കാൻഗ്രിയും ഡിമാൻഡ് അനുസരിച്ച് 150 - 200 രൂപയ്ക്കാണ് വിൽക്കുന്നത്. മറ്റ് ചില പ്രദേശങ്ങളിൽ നിന്നുള്ള കാൻഗ്രികൾക്ക് ഇതിലും ഉയർന്ന വില ലഭിക്കുന്നുണ്ട്. എന്നാൽ ഈ വർഷം ഡിമാൻഡും വിലയും കുറഞ്ഞു. ആധുനിക ഇലക്‌ട്രിക് ഹീറ്റിങ് സംവിധാനം ഞങ്ങളുടെ വ്യാപാരത്തെ ബാധിച്ചു. ഇപ്പോൾ ആവശ്യക്കാർ കുറവാണ്. സര്‍ക്കാരിന്‍റെ കിസാൻ ക്രെഡിറ്റ് കാർഡുകളുടെ മാതൃകയിൽ ചെറു വായ്‌പ സഹായം സർക്കാർ ഞങ്ങൾക്ക് നൽകണം'- മിര്‍ കൂട്ടിച്ചേർത്തു.
വില്ലന്‍ ആധുനികത
ആധുനിക ഹീറ്റിങ് ഗാഡ്‌ജെറ്റുകളുടെ ആവശ്യം വർധിക്കുന്നതായി ടർക്കിഷ് വുഡൻ ഹീറ്ററുകൾ വില്‍ക്കുന്ന വ്യാപാരി അഹ്‌സൻ ഉൽ ഹഖ് ബന്ദേ ഇടിവി ഭാരതിനോട് പറഞ്ഞു. കശ്‌മീരിലെ അണ്ടർഫ്ലോർ ഇലക്‌ട്രിക് ഹീറ്റിങ് സിസ്റ്റങ്ങള്‍ക്ക് പോലും ഡിമാൻഡ് വർധിക്കുന്നുണ്ടെന്നും എന്നാല്‍ വൈദ്യുതി തടസമുണ്ടാകുന്നത് ഇതിന്‍റെ വ്യാപക ഉപയോഗത്തെ നിയന്ത്രിക്കുന്നുണ്ടെന്നും ബന്ദേ പറയുന്നു. മോഡലിനെ ആശ്രയിച്ച് ഒരു ടർക്കിഷ് ഹീറ്ററിന് ഏകദേശം 18,000 - 1,75000 രൂപയാണ് വില.
കാന്‍ഗ്രി നിര്‍മ്മാണം (ETV Bharat) ശൈത്യകാലത്ത് ആവശ്യമായ 2,500 മെഗാവാട്ട് വൈദ്യുതിയുടെ മൂന്നിലൊന്ന് ഭാഗം പോലും താഴ്‌വരയിൽ ലഭ്യമല്ല. ദിവസേന നാല് മുതൽ 12 മണിക്കൂർ വരെ താഴ്‌വരയില്‍ പവർ കട്ട് ഉണ്ടാകും. അതിനാല്‍ തന്നെ കാന്‍ഗ്രി പോലുള്ള പരമ്പരാഗത സംവിധാനമാണ് കശ്‌മീരികള്‍ക്ക് ആശ്വാസം.
അപകടം കാന്‍ഗ്രികള്‍
അതേസമയം കാന്‍ഗ്രികള്‍ക്ക് ചില ദൂഷ്യ വശങ്ങളുമുണ്ട്. അശ്രദ്ധമായി കൈകാര്യം ചെയ്‌താൽ കാൻഗ്രിയാല്‍ പൊള്ളലേൽക്കാനുള്ള സാധ്യത കൂടുതലാണ്. കാന്‍ഗ്രി തീപിടിത്തത്തിനും കാരണമായേക്കാവുന്ന ഉപകരണമാണ്.
വായു സഞ്ചാരമില്ലാത്ത മുറികളിൽ കാന്‍ഗ്രി ഉപയോഗിച്ചാൽ ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും. ഇതിനൊക്കെ പുറമേ ഈ ഫയർപോട്ടുകളുടെ ഉപയോഗം വളരെ ഗുരുതരമായ ചർമ്മ അര്‍ബുദത്തിന് കാരണമാകാന്‍ ഇടയുണ്ട്.
1865-ൽ കാശ്‌മീരിൽ മിഷനറി ഡിസ്പെൻസറി സ്ഥാപിച്ച ഡബ്ല്യു.ജെ. എൽമിസ്ലി ഇതിന് 'കാൻഗ്രി കാൻസർ' എന്നാണ് പേരിട്ടത്. ഒരു വർഷത്തിനുശേഷം, ഇന്ത്യൻ മെഡിക്കൽ ഗസറ്റിന്‍റെ ആദ്യ ലക്കത്തിൽ ഈ മാരക രോഗത്തെപ്പറ്റി അദ്ദേഹം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാന്‍ഗ്രിയുടെ ചൂട് നിരന്തരം തട്ടുന്ന തുടയുടെയും അടിവയറ്റിലെയും കോശങ്ങളില്‍ ഹീറ്റ്-ഇൻഡ്യൂസ്‌ഡ് സ്‌കിൻ കാർസിനോമ (ചർമ്മത്തിന്‍റെ പുറം പാളികളിൽ ഉണ്ടാകുന്ന അർബുദം) വികസിക്കുന്നതായി അദ്ദേഹം വിശദീകരിക്കുന്നു
കശ്‌മീരിലെ കാന്‍ഗ്രി വില്‍പ്പനശാല (ETV Bharat) ശ്രീനഗറിലെ ഷേർ - ഇ - കശ്‌മിർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (SKIMS) റീജിയണൽ കാൻസർ സെന്‍ററില്‍ മാത്രം പ്രതിവർഷം 60 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. സുരക്ഷയും ആരോഗ്യ പ്രശ്‌നങ്ങളും കൂടെ കണക്കിലെടുത്ത്, ശൈത്യകാല രാത്രികളില്‍ കാൻഗ്രിയെ ആലിംഗനം ചെയ്യുന്നതിന് മുമ്പ് കുറച്ച് ജാഗ്രത കൂടെ അഭികാമ്യമാണെന്ന് സാരം.
Also Read:മഞ്ഞുമലയില്‍ തെന്നിപ്പായാന്‍ ഗുല്‍മാര്‍ഗ് വിളിക്കുന്നു; മഞ്ഞണിഞ്ഞ് കശ്‌മീര്‍ താഴ്‌വര!