ന്യൂഡൽഹി:ഉന്നത തസ്‌തികകളില്‍ ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള പരസ്യം കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചതില്‍ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇന്നലെയാണ് (ഓഗസ്റ്റ് 20) വിവാദങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പരസ്യം നീക്കം ചെയ്‌തത്. ഇത് നരേന്ദ്ര മോദിക്കും ബിജെപി-ആർഎസ്എസ് ഭരണകൂടത്തിനുമുളള പാഠമാണെന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
സംവരണത്തിന് തുരങ്കം വയ്‌ക്കുന്ന തീരുമാനമായിരുന്നു ബിജെപിയുടെ ലാറ്ററൽ എൻട്രി സമ്പ്രദായം എന്ന് വേണുഗോപാൽ ആരോപിച്ചു. ഭരണഘടനയെ അട്ടിമറിക്കാതിരിക്കാനുള്ള ഒരു പാഠമാകട്ടെ ഇതെന്നും അദ്ദേഹം പറഞ്ഞു. ലാറ്ററൽ എൻട്രി സമ്പ്രദായം ആദ്യമായി അവതരിപ്പിക്കുന്നത് 2018ലാണ്. അതിന് ശേഷമുളള ആറ് വര്‍ഷങ്ങളില്‍ ഇതിനെതിരെ വലിയ രീതിയിലുളള വാദങ്ങളാണ് ഉയര്‍ന്നുവന്നത്.
കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിന് കീഴിൽ കോൺഗ്രസ് ഭരണഘടനയുടെ സംരക്ഷണം ഉറപ്പുവരുത്തും. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യവും മൗലികാവകാശങ്ങളും ഇല്ലാതാക്കാനുള്ള ഒരു ശ്രമവും കോൺഗ്രസ് അനുവദിക്കില്ലെന്നും വേണുഗോപാല്‍ എക്‌സിലൂടെ പറഞ്ഞു. ബിജെപിയുടെ നീതിയുക്തമല്ലാത്ത തീരുമാനത്തിനെതിരെ നിലകൊണ്ടതിന് എൻഡിഎയുടെ നേതാക്കളെ വേണുഗോപാല്‍ പ്രശംസിക്കുകയും ചെയ്‌തു.
നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തുവന്നിരുന്നു. സർക്കാർ വകുപ്പുകളിലെ സ്പെഷ്യലിസ്റ്റുകളുടെ നിയമനം എന്ന് വിളിക്കപ്പെടുന്ന ലാറ്ററൽ എൻട്രി വഴി 45 ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്‌ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 17ന് യുപിഎസ്‌സി പുറത്തിറക്കിയിരുന്നു. എന്നാൽ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്യുകയായിരുന്നു.
Also Read:ലാറ്ററൽ എൻട്രിക്കുള്ള പരസ്യം റദ്ദാക്കാൻ യുപിഎസ്‌സിയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ; സംവരണം അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപിച്ചെന്ന് കോൺഗ്രസ്