ന്യൂഡല്‍ഹി: മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പു ഫലം വന്നതിനുപിന്നാലെ ഉയർന്ന പോളിങ് ശതമാനത്തിലെ അപാകതകളെക്കുറിച്ചുള്ള ആശങ്കകളെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസ്. ഇക്കാര്യം ആവശ്യപ്പെട്ട് ബ്രിട്ടാസ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തവരുടെ എണ്ണവും അവസാന കണക്കുകളും തമ്മിലുണ്ടായ അന്തരം ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കാന്‍ ഇതേക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കണക്കുകളിലെ വ്യത്യാസം പല കോണുകളില്‍ നിന്നും ആശങ്കകള്‍ ഉയരാന്‍ കാരണമായി. വൈകിട്ട് അഞ്ച് മണിക്ക് രേഖപ്പെടുത്തിയ വോട്ടിങ് ശതമാനം 58.22 ശതമാനമാണ്. എന്നാല്‍ രാത്രി 11.30 ഓടെഈ കണക്ക് 65.02ശതമാനമായി ഉയര്‍ന്നു. അഞ്ച് മണിക്ക് വരി നിന്നവരുടെ അടക്കമുള്ള കണക്കുകള്‍ ആണിതെന്നാണ് വിശദീകരണം.
വോട്ടെണ്ണിത്തുടങ്ങും മുമ്പ് വീണ്ടും കണക്കുകള്‍ മാറി മറിഞ്ഞു. അപ്പോള്‍ പോളിങ് ശതമാനം 66.05 ശതമാനമെന്നാണ് കണക്കുകള്‍. അതായത് അഞ്ച് മണിയിലെ കണക്കില്‍ നിന്ന് വോട്ടെണ്ണിത്തുടങ്ങുമ്പോള്‍ ഉണ്ടായ വര്‍ദ്ധന 7.83 ശതമാനം. അതായത് അധികമായി ഉണ്ടായ വോട്ട് 76 ലക്ഷംആണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വോട്ടര്‍മാരുടെ എണ്ണം കൃത്യമായി കണക്കാക്കാനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വര്‍ദ്ധന ചരിത്രത്തിലാദ്യത്തെ സംഭവമാണ്. വോട്ടിങിനുള്ള നിശ്ചിത സമയം അവസാനിച്ചു കഴിഞ്ഞ് ഇത്രയും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തണമെങ്കില്‍ ആറ് മണിക്കൂര്‍ സമയം വേണ്ടി വരും. ഇതിന്‍റെ സാമാന്യ യുക്തിയും സംശയത്തിന്‍റെ നിഴലിലാണ്. മറ്റ് സംസ്ഥാനങ്ങളിലൊന്നും സമാനമായ സംഭവങ്ങളുണ്ടായതായും സൂചനയില്ല.
ജാര്‍ഖണ്ഡില്‍ 1.79, 0.86 എന്നിങ്ങനെ ചെറിയ തോതിലുള്ള വര്‍ദ്ധനമാത്രമാണ് രണ്ട് ഘട്ടങ്ങളിലും ഉണ്ടായിട്ടുള്ളത്. വലിയ തോതില്‍ വ്യത്യാസമുണ്ടായിടത്തൊക്കെ ചില പ്രത്യേക രാഷ്‌ട്രീയ കക്ഷികള്‍ക്കാണ് നേട്ടമുണ്ടായിട്ടുള്ളതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ വ്യത്യാസമുണ്ടായ മഹാരാഷ്‌ട്രയിലും ഹരിയാനയിലും എന്‍ഡിഎയ്ക്ക് വലിയ നേട്ടമാണ് ഉണ്ടായത്. അതേസമയം ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാമമാത്രമായ വര്‍ദ്ധന ഉണ്ടായപ്പോള്‍ അവിടെ പ്രതിപക്ഷമാണ് മികച്ച പ്രകടനം കാഴ്‌ച വച്ചത്. നിരീക്ഷകര്‍ പങ്കുവയ്ക്കുന്ന ഈ അഭിപ്രായം ചിലപ്പോള്‍ അവിചാരിതവുമാകാം. എന്നാലിത് വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാമെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സാധാരണക്കാരുടെ ഭാഗത്തുനിന്ന് നിരവധി പേര്‍ ഇതേ ആവശ്യമുന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ദുഃഖകരമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്‌തുതാപരമായി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. നിശ്ചിത സമയം കഴിഞ്ഞ് പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന വോട്ടര്‍മാരുടെ ദൃശ്യങ്ങള്‍ പോലും പുറത്ത് വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറായിട്ടില്ല.
സാധാരണയായി വോട്ടെടുപ്പിന് ശേഷം ശരാശരി ഒരു ശതമാനം വരെയൊക്കെ വര്‍ദ്ധനയുണ്ടാകാം. എന്നാല്‍ 7.83 ശതമാനമെന്ന മഹാരാഷ്‌ട്രയിലെ കണക്കുകള്‍ ദുരൂഹമാണ്. ചിലപ്പോള്‍ ഇതിന് വിവിധ കാരണങ്ങളുണ്ടാകാം. അത് തെരഞ്ഞെടുപ്പ് കമ്മീഷന് മാത്രമേ വിശദീകരിക്കാനാകൂ. ഊഹാപോഹങ്ങള്‍ പ്രചരിപ്പക്കപ്പെടാതിരിക്കണമെങ്കില്‍ കമ്മീഷന്‍ കൃത്യമായി കാര്യങ്ങള്‍ സമഗ്രമായി വിശദീകരിക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. ജനാധിപത്യ തീരുമാനങ്ങളുടെ സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കണം. ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍ ഒരു സമിതി രൂപീകരിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
Also Read:'തോറ്റാല്‍ ഇവിഎമ്മിനെ കുറ്റം പറയും'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഗജേന്ദ്ര സിങ് ഷെഖാവത്ത്