റാഞ്ചി: ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജ് ഭവനിലെത്തി ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാങ്‌വാറിനെ കണ്ട് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം മൃഗീയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ച.
ഇന്ത്യ സഖ്യം തന്നെ ഏകകണ്‌ഠമായി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്നും അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ച സോറന്‍ നിലവില്‍ ആക്‌ടിങ് മുഖ്യമന്ത്രിയായി തുടരുകയാണ്. നവംബര്‍ 28ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും വരെ തത്സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ച് കൊണ്ട് അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സഖ്യത്തിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികള്‍ തനിക്കൊപ്പം ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് എത്തിയിരുന്നു. തനിക്ക് പിന്തുണ അറിയിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് അവര്‍ കൈമാറിയെന്നും കൂടിക്കാഴ്‌ചയ്ക്ക് ശേഷം സോറന്‍ മാധ്യമങ്ങളെ അറിയിച്ചു. ഗവര്‍ണര്‍ അദ്ദേഹത്തെ നിയുക്ത മുഖ്യമന്ത്രിയായി നിയോഗിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിക്കുകയും ചെയ്‌തു.
അതേസമയം മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന യാതൊരു സൂചനയും സോറന്‍ നല്‍കിയില്ല. അതെല്ലാം ഉടന്‍ അറിയിക്കാമെന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി.
81 അംഗ നിയമസഭയില്‍ ജെഎംഎം നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം 56 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്. ജെഎംഎമ്മിന് 34 സീറ്റുകള്‍ ലഭിച്ചു. സഖ്യകക്ഷികളായ കോണ്‍ഗ്രസ് 16ഉം ആര്‍ജെഡി നാലും സിപിഐ എംഎല്‍ രണ്ട് സീറ്റുകളും നേടി.