ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ പിടിച്ചെടുത്ത തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍(Jayalalitha's illegal asset case) തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ കോടതി ഉത്തരവ്. വിവരാവകാശ പ്രവര്‍ത്തകന്‍ ടി നരസിംഹ മൂര്‍ത്തിയുടെ പൊതുതാത്‌പര്യ ഹര്‍ജിയിലാണ് ബെംഗളൂരു സെഷന്‍സ് കോടതിയുടെ ഉത്തരവ്.
ആഭ്യന്തര സെക്രട്ടറിക്കും പൊലീസ് വകുപ്പിനുമാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേസിന്‍റെ നടപടികള്‍ക്കായി കര്‍ണാടക സര്‍ക്കാരിന് ചെലവായ തുകയായി അഞ്ച് കോടി രൂപ തമിഴ്‌നാട് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക ഡിമാന്‍ഡ് ഡ്രാഫ്‌റ്റായാണ് നല്‍കേണ്ടത്.
ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരങ്ങള്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ കിരണ്‍ എസ് ജവാലി സമര്‍പ്പിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, 2014ല്‍ ജയലളിതയ്ക്ക് നാല് വര്‍ഷത്തെ തടവും നൂറ് കോടി രൂപ പിഴയും കോടതി വിധിച്ചിരുന്നു. ജയലളിതയില്‍ നിന്ന് പിടിച്ചെടുത്ത വസ്‌തുക്കള്‍ റിസര്‍വ് ബാങ്കിനോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കോ നല്‍കണമെന്നും അല്ലെങ്കില്‍ പൊതുലേലത്തിലൂടെ വില്‍ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ചെലവ് പിഴത്തുകയില്‍ നിന്ന് ഈടാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് കര്‍ണാടകഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കി. എന്നാല്‍ കണ്ടുകെട്ടിയ സ്വത്ത് വകകള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരുന്നില്ല.