ശ്രീനഗര്‍ : റോഹിങ്ക്യ വിഷയത്തില്‍ കൃത്യമായ നയം സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. റോഹിങ്ക്യകളെ തിരിച്ചയക്കാൻ പറ്റുമെങ്കിൽ തിരിച്ചയക്കണം. തിരിച്ചയക്കാൻ പറ്റില്ലെങ്കിൽ അവരെ പട്ടിണി കിടന്നും മരവിച്ചും മരിക്കാന്‍ അനുവദിക്കരുതെന്നും ഒമര്‍ അബ്‌ദുളള പറഞ്ഞു.
അവർ മനുഷ്യരാണ്, അവരെ മൃഗങ്ങളെപ്പോലെ കാണരുത്. ജമ്മുവിൽ ജീവിക്കുമ്പോൾ റോഹിങ്ക്യകളോട് മാന്യമായി പെരുമാറണം എന്നും ഒമര്‍ ഊന്നിപ്പറഞ്ഞു. റോഹിങ്ക്യൻ അഭയാർഥികളുടെ താമസത്തെ കുറിച്ചുളള ചര്‍ച്ചക്കിടയിലാണ് ഒമറിന്‍റെ പരാമര്‍ശം.
റോഹിങ്ക്യകള്‍ സുരക്ഷാ പ്രശ്‌നം:ജമ്മു കശ്‌മീരിൽ റോഹിങ്ക്യകളെയും ബംഗ്ലാദേശ് പൗരന്മാരെയും അനധികൃതമായി പാർപ്പിച്ചിരിക്കുന്നത് 'സുരക്ഷാ പ്രശ്‌നമാണെന്ന്' ബിജെപി വാദിച്ചു. ജമ്മു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇത്തരം കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി വക്താവ് സുനിൽ സേത്തി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു. ആരാണ് റോഹിങ്ക്യകളെയും ബംഗ്ലാദേശികളെയും ജമ്മുവിൽ കൊണ്ടുവന്ന് പാർപ്പിച്ചതെന്ന് കണ്ടെത്തുകയും അവർക്കെതിരെ പ്രോസിക്യൂഷനും ജയിലുമുൾപ്പെടെ കർശനമായ നടപടി സ്വീകരിക്കുകയും വേണം എന്നും ജമ്മു കശ്‌മീരിലെ ബിജെപിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു.