ചെന്നൈ: തമിഴകം വീരവിളയാട്ടായ ജല്ലിക്കെട്ട് ആവേശത്തിലേക്ക്. മധുര ജില്ലയിലെ പ്രശസ്‌തമായ ആവണിയാപുരം ജല്ലിക്കെട്ട് ജനുവരി 14 ചൊവ്വാഴ്‌ച നടക്കും. തുടർന്ന് ജനുവരി 15, 16 തീയതികളിൽ പാലമേട്, അലങ്കനല്ലൂർ എന്നിവിടങ്ങളിലും ജല്ലിക്കെട്ട് അരങ്ങേറും. തമിഴ് സാംസ്‌കാരിക ചരിത്രത്തിന്‍റെ ഭാഗമായ ജല്ലിക്കെട്ട് വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് നടക്കുന്നത്.
പൊങ്കലിന്‍റെ ആഘോഷങ്ങൾക്ക് ആവേശവും വീര്യവും പകരുന്ന കായിക വിനോദമാണിത്. 2,000 വർഷത്തിലേറെയായി ജല്ലിക്കെട്ട് ആചരിച്ചുവരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്. ജല്ലി എന്നാല്‍ നാണയം എന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അർഥം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊമ്പില്‍ നാണയക്കിഴി കെട്ടി, ഓടിവരുന്ന കാളയെ അതിന്‍റെ മുതുകില്‍ തൂങ്ങി കീഴടക്കി ആ കിഴിക്കെട്ട് സ്വന്തമാക്കുന്ന തമിഴ്‌പോരാട്ട വീര്യമാണ് ജല്ലിക്കെട്ടിന്‍റെ അകര്‍ഷകത്വം. തമിഴ് ജനത തങ്ങളുടെ ധീരതയും, ശക്തിയും, വൈദഗ്ദ്ധ്യവും പ്രദര്‍ശിപ്പിക്കുന്ന ഈ പോരില്‍ സംഭവിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. പങ്കെടുക്കുന്നവർക്ക് മാത്രമല്ല, കാണികൾക്കും ഗുരുതരമായ പരിക്കുകൾ ഏറ്റ ചരിത്രമേറെ.
'മൃഗക്ഷേമം', 'പൈതൃകം' എന്നീ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതോടെ സമീപകാലത്തായി സംസ്ഥാന രാഷ്‌ട്രീയത്തിലെ ഒരു വിവാദത്തിന്‍റെ കേന്ദ്ര ബിന്ദു കൂടിയായിരുന്നുവിത്. 2006-ലാണ് ജല്ലിക്കെട്ട് വിവാദങ്ങള്‍ക്ക് തുടക്കമാവുന്നത്.
ഒരു കാളയുടെ ആക്രമണത്തിൽ ഒരു കാഴ്‌ച്ചക്കാരൻ കൊല്ലപ്പെട്ടതാണ് ഇതിന് വഴിയൊരുക്കിയത്. സംഭവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ജല്ലിക്കെട്ട് നിരോധിച്ചു. പിന്നീട് മൃഗക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി 2014-ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചും ജല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി. വ്യാപക പ്രതിഷേധത്തിനാണ് കോടതി നടപടി വഴിയൊരുക്കിയത്.
പ്രതിഷേധനങ്ങള്‍ കൊടുമ്പിരി കൊണ്ടതോടെ 2017-ൽ, തമിഴ്‌നാട് സർക്കാർ താൽക്കാലികമായി നിരോധനം നീക്കി. ജല്ലിക്കെട്ട് അനുവദിക്കുന്നതിനായി 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും ഭേദഗതി ചെയ്‌തു. ഇതിനിടെ വിഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിമയപോരാട്ടം നടക്കുന്നുണ്ടായിരുന്നു.
ALSO READ: കുഭമേളയിൽ താരമായി കുട്ടി സന്യാസി; മൂന്നു വയസുകാരനെ കാണാന്‍ ഭക്തജനത്തിരക്ക് - 3 YR OLD SAINT SHRAVAN PURI
ആറ് വർഷങ്ങൾക്ക് ശേഷം, 2023 മെയ് മാസത്തിൽ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് ജല്ലിക്കെട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. ജല്ലിക്കട്ട്, കമ്പള, തുടങ്ങിയ കാളയെ മെരുക്കുന്ന മറ്റ് പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള പിസിഎ നിയമത്തിൽ തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര സർക്കാരുകൾ വരുത്തിയ ഭേദഗതികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശരിവയ്‌ക്കുകയായിരുന്നു. ഇതിനൊപ്പം 2014-ലെ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ വിധിയും ബെഞ്ച് റദ്ദാക്കി.