ന്യൂഡല്‍ഹി :നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് രംഗത്ത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായ ധനം അനുവദിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിന് നല്‍കിയത് തിരിച്ചടക്കേണ്ടുന്ന വായ്‌പയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വികസിത ഭാരതമെന്നാല്‍ വികസിത സംസ്ഥാനങ്ങളെന്നാണ് അര്‍ഥമെന്ന് കഴിഞ്ഞ ദിവസം സ്വയം പ്രഖ്യാപിത അമാനുഷിക പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഹൊ എന്തൊരു കണ്ടെത്തല്‍'- ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.
നികുതി ദായകരുടെ പണമാണ് മോദിയുടെ പക്കലുള്ളത്. 2023ലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ ജനത നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനമന്ത്രി ഈ ആവശ്യം ആവര്‍ത്തിച്ച് തള്ളുകയാണ്. അവരുടെ ബജറ്റിലും ജലസേചനത്തിനും വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനുമുള്ള തുക അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്.