കേരളം

kerala

ETV Bharat / bharat

'നരേന്ദ്ര മോദിയെ ഞങ്ങള്‍ക്ക് ഭയമില്ല'; പ്രധാനമന്ത്രി ശതകോടീശ്വരന്‍മാരുടെ കയ്യിലെ കളിപ്പാവയെന്ന് രാഹുല്‍ ഗാന്ധി

ധാരാവിയിലെ ഒരു ലക്ഷം കോടി രൂപ വില വരുന്ന ഭൂമി അദാനിക്ക് നല്‍കാനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദി ഇപ്പോള്‍ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി.

RAHUL GANDHI AGAINST BJP  JAHRKAND ELECION 2024  LATEST NEWS IN MALAYALAM  രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി
Congress leader Rahul Gandhi in a public rally at Mahagama constituency (ANI)

By ETV Bharat Kerala Team

Published : 5 hours ago

ഗോഡ്ഡ(ജാര്‍ഖണ്ഡ്): തന്‍റെ കക്ഷിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാര്‍ഖണ്ഡിലെ മഹാഗാമ മണ്ഡലത്തില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുല്‍. നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ കക്ഷിയും ചേര്‍ന്ന് മുംബൈയിലെ ധാരാവിയെ അദാനിക്ക് നല്‍കാന്‍ ശ്രമിക്കുകയാണ്.

അന്‍പത്താറ് ഇഞ്ച് നെഞ്ചളവും മന്‍കിബാതുകാരനുമായ മോദിയെ തങ്ങള്‍ ഭയക്കുന്നില്ല. ശതകോടീശ്വരന്‍മാരുടെ കയ്യിലെ കളിപ്പാവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ പറയുന്നതേ അദ്ദേഹം ചെയ്യൂ. പാവങ്ങളുടെ പണം തട്ടിയെടുത്ത് മോദി ശതകോടീശ്വരന്‍മാരുടെ പതിനാറ് ലക്ഷം കോടി എഴുതിത്തള്ളിയെന്നും രാഹുല്‍ ആരോപിച്ചു.

ധാരാവിയിലെ ഒരു ലക്ഷം കോടി രൂപ വില വരുന്ന ഭൂമി അദാനിക്ക് നല്‍കാനുള്ള ശ്രമത്തിലാണ് മോദിയിപ്പോള്‍. തങ്ങളുടെ സര്‍ക്കാര്‍ മഹാരാഷ്‌ട്രയില്‍ അധികാരത്തിലെത്തിയാല്‍ ഭൂമി കയ്യേറ്റ ശ്രമങ്ങള്‍ അട്ടിമറിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിജെപിയും ആര്‍എസ്‌എസും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും രാഹുല്‍ ഉയര്‍ത്തി. "ഭരണഘടന ജനങ്ങളുടെ ആത്മാവിനെയാണ് ഉള്‍ക്കൊള്ളുന്നത്. അതാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ഭരണഘടന അനുസരിക്കാതെ ഇരിക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്ത് വിദ്വേഷവും അനീതിയും പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയും ആര്‍എസ്‌എസും നിരന്തരം ഇതിനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മുന്നോട്ട് വരൂ അപ്പോഴറിയാം ഇവിടുത്തെ ജനങ്ങള്‍ക്ക് നിങ്ങളെ ഭയമില്ലെന്ന്"- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംവരണം വെട്ടിച്ചുരുക്കി. തന്‍റെ കക്ഷി അത് കൂട്ടാന്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ പറഞ്ഞു.

പിന്നാക്കക്കാരുടെ സംവരണം ജാര്‍ഖണ്ഡില്‍ ബിജെപി 27ശതമാനത്തില്‍ നിന്ന് പതിനാല് ശതമാനമാക്കി ചുരുക്കി. താന്‍ പിന്നാക്കക്കാരനാണെന്ന് പറഞ്ഞ് കൊണ്ടാണ് നരേന്ദ്ര മോദി ഇത് നടപ്പാക്കുന്നത്. ഒരു വശത്ത് സംവരണം വെട്ടിച്ചുരുക്കുന്നു, മറുവശത്ത് ഭൂമി പിടിച്ചെടുക്കുന്നു, നോട്ടുനിരോധനത്തിലൂടെ ജനങ്ങളെ തൊഴിലില്ലാത്തവരാക്കുന്നുവെന്നും എന്നും രാഹുല്‍ ആരോപിച്ചു.

അത് കൊണ്ടാണ് ജാര്‍ഖണ്ഡിന്‍റെ കാര്യത്തില്‍ തങ്ങള്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. പട്ടികവര്‍ഗ സംവരണം 28ശതമാനമാക്കും. പട്ടിക ജാതിക്കാര്‍ക്ക് 12 ശതമാനവും മറ്റ് പിന്നാക്കക്കാര്‍ക്ക് 27 ശതമാനവും സംവരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന നികുതി ബുദ്ധിപൂര്‍വം വിനിയോഗിക്കുന്നില്ല. ജനങ്ങള്‍ അടയ്ക്കുന്ന ജിഎസ്‌ടി നേരിട്ട് മന്ത്രിമാരിലേക്ക് എത്തുന്നു. ധനകാര്യമന്ത്രിയുടെ അടുത്ത് പോയി പരിശോധിച്ചാല്‍ ആ പണമെല്ലാം അവിടെയുണ്ടാകും. താന്‍ ജനങ്ങളെ മാനിക്കുന്നുവെന്നാണ് മോദി ആവര്‍ത്തിക്കുന്നത്. എന്നാല്‍ അദ്ദേഹം അവരെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. പട്ടികവര്‍ഗക്കാര്‍ അന്‍പത് ശതമാനമുണ്ട്. എന്നാല്‍ ഇവര്‍ക്കുള്ള ബജറ്റ് വിഹിതം കേവലം കേവലം ആറ് രൂപ മാത്രമാണ്. ബാക്കിയുള്ള പണമെവിടെയെന്നും രാഹുല്‍ ചോദിച്ചു.

അതേമസയം ജാര്‍ഖണ്ഡിലെ ഒന്നാംഘട്ട പോളിങ് കഴിഞ്ഞിരുന്നു. 81 മണ്ഡലങ്ങളിലെ 43 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഈ മാസം 20ന് വോട്ടെടുപ്പ് നടക്കും. ഇതേദിനത്തില്‍ മഹാരാഷ്‌ട്രയിലെ 288 അംഗ നിയമസഭയിലേക്കും വോട്ടെടുപ്പ് നടക്കും. ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 23നാണ്.

Also Read:'മോദിക്ക് ഭരണഘടന കണ്ടാല്‍ ശൂന്യമാണെന്ന് തോന്നും, കാരണം അദ്ദേഹം ഒരിക്കലും അത് വായിച്ചിട്ടില്ല'; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍

ABOUT THE AUTHOR

...view details