പുരി: കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള ഒരു മനോഹരമായ സാൻഡ് (മണല്‍) ആര്‍ട്ട് നിര്‍മിച്ച് കലാകാരൻ സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചിലാണ് ഈ മനോഹരമായ സാൻഡ് ആര്‍ട്ട് ഒരുക്കിയത്. ധനമന്ത്രിയുടെ മുഖവും ഇന്ത്യയുടെ ഫ്‌ളാഗും ബജറ്റിനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള കുറിപ്പും ആണ് സാൻഡ് ആര്‍ട്ടിസ്‌റ്റായ പട്‌നായിക് നാല് ടൺ മണൽ കൊണ്ട് നിര്‍മിച്ചത്.
"2025 യൂണിയൻ ബജറ്റിനെ സ്വാഗതം ചെയ്യുന്നു, 4 ടൺ മണൽ കൊണ്ടാണ് ഈ ആര്‍ട്ട് സൃഷ്‌ടിച്ചിരിക്കുന്നത്. ബജറ്റിനെ കുറിച്ച് കാതോര്‍ക്കാൻ വളരെ ആവേശത്തോടെ ഞാൻ മറ്റ് ഇന്ത്യക്കാരോടൊപ്പം ചേരുന്നു" എന്ന് അദ്ദേഹം കുറിച്ചു. പട്‌നായികിന്‍റെ ഈ ആര്‍ട്ട് സോഷ്യല്‍ മീഡിയയിലും വൈറലായിട്ടുണ്ട്.
ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് പട്‌നായിക്ക്. ഒഡീഷയിലെ പുരി ബീച്ചിൽ ഒരു സാൻഡ് ആർട്ട് സ്‌കൂള്‍ നടത്തിവരികയാണ് ഇദ്ദേഹം. ലോകമെമ്പാടുമുള്ള 65-ലധികം അന്താരാഷ്‌ട്ര സാൻഡ് ആർട്ട് മത്സരങ്ങളില്‍ പങ്കെടുത്ത പട്‌നായിക് രാജ്യത്തിന് വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
I join other Indians with much excitement #UnionBudget2025. I welcome the Budget through my sandart in Puri beach, Odisha. pic.twitter.com/O6ymngrpOp
— Sudarsan Pattnaik (@sudarsansand) January 31, 2025
സാമൂഹിക സേവനത്തിന്‍റെ ഭാഗമായി തന്‍റെ സാൻഡ് ആർട്ടിലൂടെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും അദ്ദേഹം ശ്രമിക്കാറുണ്ട്. എച്ച്ഐവി, എയ്‌ഡ്‌സ്, ആഗോളതാപനം, തീവ്രവാദവും പ്രതിരോധവും, പ്ലാസ്റ്റിക് മലിനീകരണം, കൊവിഡ്-19, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങളിൽ ഒഡീഷയിലെ മണൽ കലാകാരൻ തന്‍റെ കലയിലൂടെ അവബോധം സൃഷ്‌ടിച്ചിരുന്നു.