ന്യൂഡൽഹി: ഹൂതികളുടെ മിസൈല്‍ ആക്രമണം നേരിട്ട ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീയണച്ച് ഇന്ത്യന്‍ നാവികസേന. ഐഎൻഎസ് വിശാഖപട്ടണം എന്ന യുദ്ധക്കപ്പലാണ് എണ്ണക്കപ്പലായ എംവി മാർലിൻ ലുവാണ്ടയുടെ രക്ഷക്കെത്തിയത്. ഈജിപ്‌തിൽ നിന്ന് സിങ്കപ്പൂരിലേക്ക് ചരക്കുമായി പോകവേയാണ് ഏദൻ കടലിടുക്കിൽ വച്ച് എംവി മാർലിൻ ലുവാണ്ട ഹൂതികളുടെ കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈല്‍ ആക്രമണത്തിനിരയായത്. കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും ജീവനക്കാരായുണ്ടായിരുന്നു (Oil Tanker Hit by Houthis Missile).
വെള്ളിയാഴ്‌ച രാത്രി കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് നാവികസേന മിസൈൽ വേധ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തെ വിന്യസിക്കുകയായിരുന്നു. എംവി മാർലിൻ ലുവാണ്ടയിലെ ജീവനക്കാർക്കൊപ്പം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാവിക സേനയുടെ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയതെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. (INS Visakhapatnam).
വീണ്ടും തീ ഉണ്ടാകാനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് നാവികസേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വ്യാപാര കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യൻ നാവികസേന പ്രതിബദ്ധരാണെന്നും വിവേക് മധ്വാൾ പറഞ്ഞു.
എംവി മാർലിൻ ലുവാണ്ടയുടെ കോളിനോട് തങ്ങളുടെ ഐഎൻഎസ് വിശാഖപട്ടണം പടക്കപ്പല്‍ ഉടന്‍ പ്രതികരിച്ചതായും, കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി ജീവനക്കാരുമുണ്ടായിരുന്നുവെന്നും നാവികസേന നേരത്തെ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. "എംവി മാർലിൻ ലുവാണ്ടയുടെ അഭ്യർത്ഥനയെ അടിസ്ഥാനമാക്കി, ഐഎൻഎസ് വിശാഖപട്ടണം അതിൻ്റെ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (എൻബിസിഡി) ടീമിനെ അഗ്നിശമന ഉപകരണങ്ങളോടൊപ്പം വിന്യസിച്ചു. ദുരന്തത്തിലകപ്പെട്ട കപ്പലിലെ തീയണയ്‌ക്കാന്‍ സഹായം നൽകും" - നേവി വ്യക്‌തമാക്കി.
അതേസമയം ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ തൊടുത്തുവിട്ട കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈലാണ് എംവി മാർലിൻ ലുവാണ്ടയിൽ ഇടിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) അറിയിച്ചു. ജനുവരി 26ന് ഇറാൻ്റെ പിന്തുണയുള്ള ഹൂതി ഭീകരർ യെമനില്‍ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഒരു കപ്പൽ വേധ ബാലിസ്‌റ്റിക് മിസൈൽ തൊടുത്തുവിട്ടതായും, മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന എണ്ണക്കപ്പലായ എംവി മാർലിൻ ലുവാണ്ടയെ ആക്രമിച്ചതായും സെന്‍റ്‌കോെ പ്രസ്‌താവനയിൽ പറഞ്ഞു.