അഹമ്മദാബാദ്:പോർബന്തറിൽ കടലിൽ മുങ്ങിയ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പോർബന്തറിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയായിട്ടായിരുന്നു പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങിയത്. വെള്ളം കയറിയതിനെ തുടര്‍ന്നായിരുന്നു ബോട്ട് അപകടത്തില്‍പ്പെട്ടത്.
ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങുന്നുവെന്ന വിവരം മത്സ്യത്തൊഴിലാളികൾ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോസ്റ്റ് ഗാർഡിന്‍റെ പോർബന്തർ മാരിടൈം റെസ്ക്യൂ സബ് സെന്‍റർ അസി. കോംഡിറ്റ് കാർത്തികേയന്‍റെ കമാൻഡിലുള്ള ഐസിജി കപ്പൽ സി-161 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്ന ഭാഗത്തേക്ക് തിരിച്ചത്. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വേഗത്തില്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് അരികിലെത്തി.
സംഘത്തിന്‍റെ ശ്രമഫലമായി ബോട്ടിൽ വെള്ളം നിറയുന്നത് താത്കാലികമായി നിർത്തുകയും പാതി വെള്ളത്തിൽ മുങ്ങിയ ബോട്ട് സമീപത്തുള്ള മറ്റൊരു മത്സ്യബന്ധന ബോട്ടുമായി ബന്ധിപ്പിച്ച് വലിക്കുകയും ചെയ്‌തു. അഞ്ച് മത്സ്യത്തൊഴിലാളികളെയും ഐസിജി കപ്പലിൽ രക്ഷപ്പെടുത്തി വൈദ്യസഹായം നൽകിശേഷമണ് പോര്‍ബന്തറിലേക്ക് എത്തിച്ചത്. ബോട്ടില്‍ 75 ശതമാനത്തോളം വെള്ളം കയറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.