ബോക്‌സ് ഓഫീസില്‍ തരംഗമായി ദുല്‍ഖര്‍ സല്‍മാന്‍റെ പാന്‍ ഇന്ത്യന്‍ തെലുഗു ചിത്രം 'ലക്കി ഭാസ്‌കര്‍'. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 31ന് റിലീസിനെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.
പ്രദര്‍ശനത്തിനെത്തി നാല് ദിവസം കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നാല് ദിനം കൊണ്ട് 55 കോടിയിലധികമാണ് ചിത്രം ആഗോളതലത്തില്‍ കളക്‌ട് ചെയ്‌തിരിക്കുന്നത്. അതായത് ആകെ 55,40,00,000 രൂപ.
കേരളത്തിലും ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്. നാലാം ദിനത്തില്‍ രണ്ട് കോടിയിലധികമാണ് ചിത്രം കേരളത്തില്‍ നിന്നും വാരിക്കൂട്ടിയത്. അതായത് 2,60,00,000 രൂപ. പ്രദര്‍ശനത്തിന്‍റെ ആദ്യ മൂന്ന് ദിനവും രണ്ട് കോടിക്ക് മുകളിലാണ് ചിത്രം കേരളത്തില്‍ നിന്നും കളക്‌ട് ചെയ്‌തത്.
കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്‌ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലും, നാലാം ദിനത്തില്‍ 240 സ്‌ക്രീനുകളിലുമാണ് പ്രദര്‍ശിപ്പിച്ചത്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിലും ഗൾഫിലും വിതരണത്തിനെത്തിച്ചത്.
കുടുംബ പ്രേക്ഷകരും യുവ തലമുറയും ഉള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ഒരു പിരീഡ് ഡ്രാമ ത്രില്ലറാണ് 'ലക്കി ഭാസ്‌കര്‍'. 1992ൽ ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്‌കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസിനെത്തിയത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്‌കർ നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്‌റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
Also Read: ലക്കി ഭാസ്‌കറിൽ മലയാളി തിളക്കം; കയ്യടി നേടി നിമിഷ് രവിയും ബംഗ്‌ളാനും