ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയനുസരിച്ച് രാജ്യത്തിന് ദേശീയ ഭാഷയില്ലെന്ന് സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ്. ഭാഷയെച്ചൊല്ലി ദക്ഷിണേന്ത്യൻ എംപിമാരും കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് മന്ത്രി ഇത്തരത്തിലുളള പ്രസ്‌താവന നടത്തിയത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷിൽ ആയിരിക്കണമെന്നും മറ്റേതെങ്കിലും ഭാഷയിലാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇരുവിഭാഗവും സമ്മതം മൂളുകയാണെങ്കിൽ മറ്റേതെങ്കിലും ഭാഷയിൽ ആശയവിനിമയം അനുവദിക്കുമെന്നും മന്ത്രി എഎന്‍ഐയോട് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"വർഷങ്ങൾക്കുമുമ്പ് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർക്ക് കേന്ദ്രമന്ത്രി ഹിന്ദിയിൽ കത്തെഴുതിയതും നായനാർ മലയാളത്തിൽ കത്തിന് പ്രതികരണം അറിയിച്ചതും ഞാൻ ഓർക്കുന്നു. കാരണം, ഭരണഘടനയനുസരിച്ച് നമുക്ക് ദേശീയ ഭാഷകളൊന്നുമില്ല. പ്രാദേശിക ഭാഷകളാണ് ഉളളത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ആശയവിനിമയം ഇംഗ്ലീഷിൽ ആയിരിക്കണം. രണ്ടു സർക്കാരുകളും സമ്മതം നൽകിയാൽ മാത്രമേ അത് ഇംഗ്ലീഷിൽ ആകാവൂ," പി രാജീവ് പറഞ്ഞു.
ഒരു രാജ്യം ഒരു ഭാഷ' എന്ന പേരിൽ രാജ്യത്തുടനീളം ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. നമ്മുടെ സ്വന്തം ഭാഷയിലാണ് ബിൽ അവതരിപ്പിക്കുന്നതെങ്കിൽ നിയമസഭയിൽ അത് അവതരിപ്പിക്കുന്നതിന് മുമ്പ് ഗവർണറുടെ അംഗീകാരത്തിനായി വിവർത്തനം അവതരിപ്പിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ദക്ഷിണേന്ത്യയിൽ നിന്നുള്ള പാർലമെൻ്റ് അംഗങ്ങളെ ഹിന്ദിയില്‍ അഭിസംബോധന ചെയ്‌തുകൊണ്ട് കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഹിന്ദിയിൽ കത്തെഴുതിയ ബിട്ടുവിന് സിപിഐ (എം) എംപി ജോൺ ബ്രിട്ടാസ് പ്രതിഷേധ സൂചകമായി മലയാളത്തിൽ മറുപടി നൽകുകയായിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കത്തിനെതിരെ തങ്ങൾ എപ്പോഴും പോരാടുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. "ദക്ഷിണേന്ത്യൻ എംപിമാരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. രവ്‌നീത് സിങ് ബിട്ടു തനിക്ക് മാത്രമല്ല എല്ലാ ദക്ഷിണേന്ത്യൻ എംപിമാർക്കും നിരന്തരം ഹിന്ദിയിൽ കത്തുകൾ എഴുതാറുണ്ട്. ഇത്തരം നീക്കത്തിന് പിന്നിൽ അദ്ദേഹത്തിന് ഒരു ഉദ്ദേശമുണ്ട്. മന്ത്രിമാരുടെ ഇത്തരം നടപടികളോട് നമ്മുടെ ഭാഷയിൽ തന്നെ പ്രതികരിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. ഇത് പ്രതിഷേധം മാത്രമല്ല, ഒരേയൊരു മാർഗം കൂടിയാണ്. ജനങ്ങളുടെ വികാരങ്ങളെ അദ്ദേഹം മാനിക്കേണ്ടതുണ്ട്," ജോൺ ബ്രിട്ടാസ് പറഞ്ഞു.