ന്യൂഡൽഹി :'പതിവു പോലെ അന്നും ജനത്തിരക്കായിരുന്നു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇന്ത്യൻ എയർലൈൻസ് കൗണ്ടർ. അന്ന് T1, T2, T3 എന്നിവ ഇല്ല. ഇന്ത്യൻ എയർലൈൻസിന്‍റെ IC 814 വിമാനം ഹൈജാക്ക് ചെയ്‌തതിനെ തുടർന്ന് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ രോഷാകുലരായി.
കാഠ്‌മണ്ഡുവിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനം ഇത്രയധികം മണിക്കൂർ വൈകിയത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. ടിവി ചാനലുകളിൽ ഈ വാർത്ത ഇതിനകം മിന്നിമറയുന്നത് പലരും അറിഞ്ഞിരിക്കണം. ഒന്നും വ്യക്തമാകുന്നില്ല.
അവരില്‍ ഒരാളായി ഞാനും... IC 814 ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ദയവായി എന്നോട് പറയൂ എന്ന് ഞാന്‍ അധികൃതരോട് യാചിച്ചു. കാതടപ്പിക്കുന്ന നിശബ്‌ദതയാണ് എന്നെ എതിരേറ്റത്.
കാല്‍ നൂറ്റാണ്ട് മുന്‍പ്, യഥാര്‍ഥത്തില്‍ പറഞ്ഞാല്‍ 1999 ഡിസംബർ 24. ആ ദിവസത്തിന്‍റെ ഭയവും വേദനയും തകര്‍ച്ചയും കാത്തിരിപ്പും എല്ലാം ഓര്‍മിപ്പിക്കുകയാണ് IC 814 ഹൈജാക്ക് സംഭവവുമായി ബന്ധപ്പെട്ട് OTT യില്‍ സ്‌ട്രീം ചെയ്യുന്ന സീരിസ്.
1999 ഡിസംബർ 24ലെ വൈകുന്നേരം. ഡൽഹിയിലെ ലജ്‌പത്നഗറിലുള്ള കൃഷ്‌ണ മാർക്കറ്റ് ഏരിയയിലെ പെന്‍റ് ഹൗസിലെ മുറിയില്‍ ഞാൻ ഒരു ഡോക്യുമെന്‍ററിയുടെ തിരക്കഥ തയ്യാറാക്കുകയായിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയത്. എന്‍റെ പിതാവ്, പരേതനായ ഡോ. കല്യാൺ ചന്ദ്ര ഭൂയാൻ IC 814-വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായിരുന്നു.
കാഠ്‌മണ്ഡു മെഡിക്കൽ കോളജിൽ ഡോക്‌ടറായി സേവനമനുഷ്‌ഠിച്ചിരുന്ന അദ്ദേഹം, ശൈത്യകാലത്ത് ഡൽഹിയിലെത്തി ഞങ്ങള്‍ക്കൊപ്പം താമസിക്കുകയും പിന്നീട് അസമിലെ ഞങ്ങളുടെ വീട് സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. ഇത് വര്‍ഷാവര്‍ഷം നടന്നു പോന്നു. അത്തരത്തില്‍ ഒരു പതിവ് യാത്രയിലായിരുന്നു അന്ന് അദ്ദേഹം.
പക്ഷേ, ആ ക്രിസ്‌മസ് രാവ് ഞങ്ങള്‍ക്ക് സ്‌പെഷ്യലായിരുന്നു. ക്രിസ്‌മസിന് പുറമെ എന്‍റെ ഇളയ സഹോദരന്മാരുടെ ജന്മദിനം കൂടി ആഘോഷിക്കാനാണ് അച്ഛന്‍ അന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. എനിക്ക് ഇരട്ട സഹോദരന്മാരാണ്. ഇളയവന്‍ എന്‍റെ കൂടെ ഡല്‍ഹിയിലാണ്. മൂത്തയാള്‍ അസമിലും. അമ്മയും ഞങ്ങളോടൊപ്പം ഡല്‍ഹിയില്‍ തന്നെയാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന ആഘോഷത്തിനായി ഞങ്ങള്‍ കാത്തിരുന്നു.
1999 ഡിസംബർ 24-ന് വൈകുന്നേരം. ഇന്‍റർനെറ്റ് ഇന്ത്യയിൽ അക്കാലത്ത് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. IC 814 ന്‍റെ ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ച് അറിയാന്‍ ഞാൻ ഇന്ത്യൻ എയർലൈൻസിലേക്ക് വിളിച്ചു. വിമാനം വൈകിയെന്ന് ഓഫിസില്‍ നിന്ന് അറിയിച്ചു.
അപ്പോഴാണ് ജോർഹട്ടിൽ നിന്നും എന്‍റെ അമ്മയുടെ സഹോദരന്‍ ഫോണ്‍ ചെയ്‌തത്. ഭിന്ദേവ് (മൂത്ത സഹോദരിയുടെ ഭർത്താവിനെ ആസാമീസ് ഭാഷയില്‍ വിളിക്കുന്ന പേര്) ഡൽഹിയിൽ എത്തിയോ എന്ന് അമ്മാവന്‍ ചോദിച്ചു. വിമാനം വൈകിയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അച്ഛന്‍റെ നല്ല സുഹൃത്ത് കൂടി ആയിരുന്നു.
അല്‍പം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ കോൾ വന്നു. അത് ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ തളര്‍ത്തി കളഞ്ഞു. 'ഭിന്ദേവിന്‍റെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി കേള്‍ക്കുന്നു. ടിവി വച്ചുനോക്കു' -എന്നാണ് അമ്മാവന്‍ പറഞ്ഞത്. ഞാൻ ജോലി ചെയ്‌തിരുന്ന മേശയിൽ നിന്ന് ഞെട്ടി എഴുന്നേറ്റ് ടിവി വച്ചു. IC 814-ന്‍റെ ഫ്ലൈറ്റ് സ്റ്റാറ്റസിന്‍റെ ന്യൂസ് സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. വാര്‍ത്ത കണ്ടതോടെ വിമാനത്താവളത്തിലേക്ക് ഒരോട്ടമായിരുന്നു.
25 വർഷം ഒരു നീണ്ട കാലയളവാണ്. ഒരാഴ്‌ച നീണ്ടുനിന്ന ആ കഠിന ദിനങ്ങളിലെ സംഭവങ്ങൾ ഓർത്തെടുക്കല്‍ പ്രയാസമാണ്. വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയ ശേഷം ഞാൻ ടിവി വച്ചു. ഈ സമയമത്രയും ഞങ്ങൾ അമ്മയിൽ നിന്ന് വസ്‌തുതകൾ മറച്ചുവക്കുകയായിരുന്നു. സംഭവം അറിഞ്ഞ് അവര്‍ തളര്‍ന്നു പോയി. ടിവിയിൽ വാര്‍ത്ത വന്ന് കൊണ്ടിരുന്നതിനാല്‍ അമ്മയില്‍ നിന്ന് അധികനേരം ഒന്നും മറച്ച് വയ്ക്കാനാകുമായിരുന്നില്ല.
അക്കാലത്ത് ലജ്‌പത്നഗറില്‍ അസമില്‍ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. വിദ്യാർഥികൾ, യുവ പ്രൊഫഷണലുകൾ അങ്ങനെ കുറേയധികം അസം സ്വദേശികള്‍ ഉണ്ടായിരുന്നു അവിടെ. പിറ്റേന്നത്തെ പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങളിലായിരുന്ന അവര്‍ സംഭവം അറിഞ്ഞപ്പോൾ വീട്ടിലേക്ക് ഓടിയെത്തി. ക്ഷണനേരം കൊണ്ട് കൃഷ്‌ണ മാർക്കറ്റിലെ എന്‍റെ ആ കൊച്ചു മുറി ആളുകളെക്കൊണ്ട് നിറഞ്ഞു.
അസമിൽ നിന്നും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുമുള്ള ഞങ്ങളുടെ സുഹൃത്തുക്കൾ മാത്രമല്ല, അയൽവാസികളും ഞങ്ങളുടെ കെട്ടിടത്തിലെ മറ്റ് കുടുംബങ്ങളും ഞങ്ങളുടെ വീട്ടുടമയും എല്ലാവരും വന്നിരുന്നു. വൈകാരികമായ പിന്തുണയുമായി എല്ലാവരും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനിടയിൽ ഞങ്ങളുടെ ഒരു സുഹൃത്ത് പരിഭ്രാന്തിയോടെ അടുക്കളയിലെത്തി ഗ്യാസ് സ്റ്റൗവില്‍ 20 മുട്ടകള്‍ പുഴുങ്ങാന്‍ വച്ചു. എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ 'വിഷമിക്കേണ്ട അരൂണിംദാ, നിങ്ങൾ ടിവിയില്‍ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ' -എന്നാണ് പറഞ്ഞത്. അതൊക്കെ മറക്കാനാകാത്ത ഓര്‍മകളാണ്.
ആ കൊല്ലത്തെ ക്രിസ്‌മസ് രാവ്. ടിവിയില്‍ വിമാനം അമൃത്സറിൽ ലാൻഡ് ചെയ്യുന്നത് കണ്ടു. എന്നാൽ, പിന്നീട് വിമാനം പറന്നുയർന്നു. അടുത്ത സ്റ്റോപ്പ് ലാഹോറാണ്. രാത്രി ഏറെ വൈകിയും ഞങ്ങളെല്ലാവരും നിറകണ്ണുകളോടെ ടിവിയിൽ തന്നെ നോക്കിയിരുന്നു. വിമാനം ദുബായിലേക്ക് പോകുന്നതായി കണ്ടു.
ഡിസംബർ 25 രാവിലെ. ക്രിസ്‌മസ് ദിനവും എന്‍റെ സഹോദരങ്ങളുടെ ജന്മദിനവും. ടിവി ഓണാക്കി. വിമാനം എവിടെയാണ് എന്നറിയണം. വിമാനം കാണ്ഡഹാറില്‍ ഉണ്ടെന്ന് അറിഞ്ഞു. അഫ്‌ഗാനിസ്ഥാനിലോ? എന്‍റെ അച്ഛനും IC 814 ലെ എല്ലാ യാത്രക്കാരും താലിബാൻ പ്രദേശത്താണ്. അതായിരുന്നു എന്‍റെ മനസിൽ ആദ്യം തോന്നിയ ചിന്ത.
ആ ആഴ്‌ചയിലുടനീളമുള്ള ദൈനംദിന സംഭവവികാസങ്ങൾ ഓർത്തെടുക്കാൻ പ്രയാസമാണ്. ഹൈജാക്കിങ്ങിനെക്കുറിച്ച് ആദ്യം എന്നെ അറിയിച്ച എന്‍റെ അമ്മാവന്‍ സ്ഥലത്ത് എത്തി. ഗുവാഹത്തിയിൽ നിന്ന് എന്‍റെ അച്ഛന്‍റെ ഇളയ സഹോദരനും എത്തി.
അടൽ ബിഹാരി വാജ്‌പേയി സർക്കാരിലെ മന്ത്രിയും പത്രപ്രവര്‍ത്തകനും ആയിരുന്ന അരുൺ ഷൂരി ഒരു പത്രസമ്മേളനം വിളിച്ചത് ഞാൻ ഓർക്കുന്നു. ഞാൻ അവിടെ പോയത് ഒരു പത്രപ്രവർത്തകൻ എന്ന നിലയിലല്ല, മറിച്ച് IC 814-നെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്നറിയാൻ ആകാംക്ഷയുള്ള ഒരു വ്യക്തി എന്ന നിലയിലാണ്. പക്ഷേ, അവിടെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു. വിമാനത്തിലെ യാത്രക്കാരായ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ എത്തിയവരായിരുന്നു അവിടെ മുഴുവന്‍. അവര്‍ രോഷാകുലരായിരുന്നു.
സൗത്ത് ഏഷ്യ ടെററിസം പോർട്ടലിലെ ഷൂരിയുടെ ലേഖനത്തിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്: 'അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഹൈജാക്ക് ചെയ്യപ്പെട്ടത് ഇന്ത്യൻ വിമാനമായ IC 814 ആയിരുന്നു. മാധ്യമങ്ങളിൽ നിറയെ യാത്രക്കാരുടെ ബന്ധുക്കളുടെ നിലവിളിയായിരുന്നു. പ്രധാന തീരുമാനങ്ങൾ എടുക്കാന്‍ വളരെ ആലോചിക്കണം. ഹൈജാക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ഹൈജാക്കർമാർ ആവശ്യപ്പെട്ട പാകിസ്ഥാൻ ഭീകരരെ മോചിപ്പിക്കുകയും ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ല. തീവ്രവാദികളെ മോചിപ്പിച്ച നിമിഷം, അതേ പത്രങ്ങൾ 'ഭീകരതയ്ക്ക് കീഴടങ്ങൽ' എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കി. അവർ ഇസ്രയേലുമായി താരതമ്യപ്പെടുത്തി 'ഇന്ത്യൻ സര്‍ക്കാരിന്‍റെ പൈശാചികത' എന്ന് എഴുതിവിട്ടു. അവർ തങ്ങളുടെ അതേ സർക്കാരിനെ തെരഞ്ഞെടുത്തതിനെ കുറിച്ച് പ്രഭാഷണം നടത്തി, 'ഭീകരരുമായി ചർച്ചകൾ വേണ്ട' എന്ന യുഎസിന്‍റെ നയത്തിന്‍റെ ഓർമ്മപ്പെടുത്തലുകളാൽ സമ്മർദം ചെലുത്തി.
പ്രക്ഷുബ്‌ധത നിറഞ്ഞ ആ ആഴ്‌ചയ്‌ക്കിടയിൽ, വളരെ ക്ഷീണിതനായി ഒരു വൈകുന്നേരം ഞാൻ വീട്ടിലേക്ക് മടങ്ങി. എന്‍റെ മുറിയില്‍ കൂടിയിരുന്ന എന്‍റെയും സഹോദരന്‍റെയും സുഹൃത്തുക്കള്‍ അവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി പറഞ്ഞു. ഞാൻ ചോദിച്ചു, എന്ത് പ്രതിഷേധം? ആർക്കെതിരെയാണ് നിങ്ങൾ പ്രതിഷേധിച്ചത്? ബന്ദികളാക്കിയവരെ മോചിപ്പിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധിക്കുകയാണെന്ന് അവർ മറുപടി നൽകി.
1989-ൽ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയീദിന്‍റെ മകൾ റുബയ്യ സയീദിനെ മോചിപ്പിക്കുന്നതിന് അഞ്ച് ജെകെഎൽഎഫ് ഭീകരരെ കൈമാറ്റം ചെയ്യണമെന്നായിരുന്നു ആവശ്യം. അവസാനം ആ ആവശ്യത്തിന് കീഴടങ്ങേണ്ടി വന്നു. ബന്ദികളുടെ ബന്ധുക്കൾ സമാനതകളുള്ളവരാണെന്ന് എനിക്ക് മനസിലായി. ഞാൻ ഓർക്കുന്നു, അന്നത്തെ റെയിൽവേ മന്ത്രി മമത ബാനർജി ബന്ദികളുടെ ഏതാനും ബന്ധുക്കളെ സ്ഥിതിഗതികൾ അറിയിക്കാൻ ക്ഷണിച്ചു. അവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ആശയവിനിമയത്തിനിടയിൽ, അവര്‍ ഭയപ്പെടുത്തുന്ന ഒരു വെളിപ്പെടുത്തൽ നടത്തി, ഹൈജാക്കർമാർ വിമാനത്തില്‍ ഒരു ബോംബ് വച്ചിരുന്നു.