ന്യൂഡല്‍ഹി: തദ്ദേശീയമായ യുദ്ധവിമാന നിര്‍മ്മിതിയില്‍ സുപ്രധാന ചുവട് വയ്‌പുമായി ഇന്ത്യ. ഇന്ത്യയുടെ 4.5 തലമുറ എല്‍സിഎ മാര്‍ക്ക് 2 യുദ്ധവിമാനങ്ങള്‍ 2025 മാര്‍ച്ചോടെ പറന്ന് തുടങ്ങും. ഇവയുടെ വന്‍തോതിലുള്ള നിര്‍മ്മാണം 2029ഓടെ ആരംഭിക്കും. ഇതിന് പുറമെ ഇന്ത്യയുടെ അഞ്ചാം തലമുറയിലുള്ള ഇടത്തരം യുദ്ധവിമാനങ്ങള്‍ 2035ഓടെ ഉത്പാദിപ്പിച്ച് തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച ഉന്നതതല ചര്‍ച്ചകള്‍ പ്രതിരോധ ഗവേഷണ വികസ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ.സമിര്‍ വി കാമത്തും ഇന്ത്യന്‍ വ്യോമസേന ഡെപ്യൂട്ടി ചീഫ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതും തമ്മില്‍ നടന്നിരുന്നു. എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് വികസന ഏജന്‍സിയുടെ പരിപാടികളെക്കുറിച്ച് ഡിആര്‍ഡിഒ ഭവനിലാണ് ചര്‍ച്ചകള്‍ നടന്നത്. പ്രോട്ടോടൈപ്പിന്‍റെ ഫ്ലൈറ്റ് ടെസ്‌റ്റിംഗിനൊപ്പം സിസ്‌റ്റങ്ങളുടെയും ഉപ സംവിധാനങ്ങളുടെയും വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഡിആർഡിഒ ലാബുകളും ക്ലസ്‌റ്ററുകളുടെ ഡയറക്‌ടർ ജനറലുകളും പങ്കെടുക്കുകയും വികസന നില, അപകടസാധ്യത, ലഘൂകരണ പദ്ധതി എന്നിവ അവതരിപ്പിക്കുകയും ചെയ്‌തു. യോഗത്തിൽ എൽസിഎ മാർക്ക് 2 പദ്ധതിയും ചർച്ച ചെയ്‌തു.