ഐസ്വാൾ (മിസോറാം) :സായുധ സംഘത്തിന്‍റെ സൈനിക ക്യാമ്പ് ആക്രമണത്തെ തുടർന്ന് രക്ഷതേടി ഇന്ത്യൻ അതിർത്തി കടന്ന് മിസോറാമിൽ എത്തിയ മ്യാൻമർ സൈനികരെ ഇന്ത്യ മടക്കി അയച്ചുവെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു ( India sent back 184 Myanmarese soldiers).
കഴിഞ്ഞയാഴ്‌ച 276 മ്യാൻമർ സൈനികർ മിസോറാമിൽ പ്രവേശിച്ചിരുന്നു. അവരിൽ 184 പേരെയാണ് ഇന്നലെ ( ജനുവരി 22) തിരിച്ചയച്ചത്. ബാക്കി 92 സൈനികരെ ഇന്ന് തിരിച്ചയയ്‌ക്കുമെന്നും അവർ പറഞ്ഞു. ഐസ്വാളിന് സമീപമുള്ള ലെങ്‌പുയ് വിമാനത്താവളത്തിൽ നിന്ന് റാഖൈൻ സംസ്ഥാനത്തെ സിറ്റ്‌വെയിലേക്കാണ് ഇവരെ മ്യാൻമർ വ്യോമസേനാ വിമാനങ്ങളിൽ എത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
2023 നവംബറിന്‍റെ തുടക്കത്തിൽ അയൽ രാജ്യത്ത് യുദ്ധം ആരംഭിച്ചതിന് ശേഷം 5,000-ത്തിലധികം സാധാരണക്കാർ മിസോറാമിലേക്ക് കടന്നത് വാർത്തയായിരുന്നു. പിന്നീട് അവരിൽ ഭൂരിഭാഗവും അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്‌തിരുന്നു. 2021ൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്.