ന്യൂഡൽഹി : അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ 2023-ലെ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ചലനാത്മകതയെക്കുറിച്ച് ധാരണയില്ലാത്തതുമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. വിദേശകാര്യ മന്ത്രാലയം (എംഇഎ) റിപ്പോർട്ടിനെ അപലപിച്ചു. റിപ്പോര്‍ട്ട് വോട്ട്ബാങ്ക് പരിഗണനകളില്‍ നിര്‍മിക്കപ്പെട്ടതാണെന്നും നയിക്കപ്പെടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
'യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് 2023-ലെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധിയില്‍പ്പെട്ടു. മുൻകാലങ്ങളിലെന്നപോലെ, ഈ റിപ്പോർട്ടും ഏറെ പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ഘടനയെക്കുറിച്ച് ധാരണയില്ലാത്തതും വോട്ട്ബാങ്ക് പരിഗണനകളും നിർദേശങ്ങളും പരിഗണിച്ച് തയാറാക്കിയതുമാണ്. അതിനാൽ ഞങ്ങൾ ഈ റിപ്പോര്‍ട്ട് തള്ളുന്നു.'- എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര ബ്രീഫിങ്ങിൽ പറഞ്ഞു.
ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമെന്ന് ഇന്ത്യ കണക്കാക്കുന്ന സാമ്പത്തിക പ്രവാഹങ്ങളുടെ നിരീക്ഷണം ഉൾപ്പെടുന്ന ഇന്ത്യൻ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സാധുതയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളും മറ്റ് വൈവിധ്യങ്ങളായ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമാനുസൃത ചർച്ച ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശമായി കാണരുതെന്ന് ജയ്‌സ്വാൾ സൂചിപ്പിച്ചു.