കേരളം

kerala

ETV Bharat / bharat

ഒടുവില്‍ മഞ്ഞുരുകി, പ്രതീക്ഷയേറ്റി മുയിസുവിന്‍റെ ഇന്ത്യ സന്ദര്‍ശനം; ഇന്ത്യ-മാലദ്വീപ് ബന്ധത്തിന് 'റീ-സ്റ്റാര്‍ട്ട്'

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിന്‍റെ ഇന്ത്യ സന്ദര്‍ശനത്തോടെ വീണ്ടും 'നല്ല അയല്‍ക്കാര്‍' ആകാന്‍ തയാറെടുത്ത് ഇരു രാജ്യങ്ങളും. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധത്തിലെ 'പുതിയ അധ്യായ'ത്തെ കുറിച്ച് അംബ് അചല്‍ മല്‍ഹോത്ര എഴുതുന്നു.

By ETV Bharat Kerala Team

Published : Oct 14, 2024, 9:00 AM IST

MOHAMED MUIZZU INDIA VISIT  MISSION SAGAR  NEIGHBORHOOD FIRST POLICY  ഇന്ത്യ മാലദ്വീപ് ബന്ധം
Representative Image (ETV Bharat)

ഹൈദരാബാദ് :മാലദ്വീപിനും ഇന്ത്യയ്‌ക്കുമിടയില്‍ അലോസരങ്ങളുടെ കലങ്ങിമറിഞ്ഞ ഒരു കടല്‍ തന്നെയുണ്ടായിരുന്നു. 'ഇന്ത്യ ഔട്ട്' ക്യാമ്പയിനിലൂടെ 2023 നവംബറില്‍ അധികാരത്തിലെത്തിയ പ്രസിഡന്‍റ് മുഹമ്മദ് മുയിസു കൈക്കൊണ്ട നടപടികള്‍ തന്നെ ഇത് വ്യക്തമാക്കുന്നതായിരുന്നു. തന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാന്‍ തിടുക്കം കാട്ടിയ മുയിസു, അതില്‍ ഒന്നാമത്തേത്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മാലദ്വീപിന്‍റെ നിരീക്ഷണത്തിനുമായി ഇന്ത്യ സമ്മാനിച്ച ഹെലികോപ്‌ടറുകളും എയര്‍ക്രാഫ്‌റ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ചിരുന്ന ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ നിന്നും പിന്‍വലിക്കണമെന്ന് കര്‍ശനമായി ഇന്ത്യയോട് ആവശ്യപ്പെടുക എന്നതായിരുന്നു. മുയിസു വാക്ക് പാലിച്ചു. ആവശ്യം ഇന്ത്യയെ അറിയിക്കുകയും ചെയ്‌തു. മുയിസുവിന് മുന്നേ വന്ന സര്‍ക്കാരുകള്‍ ഇന്ത്യയുമായി ഒപ്പുവച്ച കരാറുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യമായിരുന്നു അടുത്ത നീക്കം.

ഇതിനെല്ലാം പുറമെയായിരുന്നു മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനം മുയിസു നടത്തിയത്. മാലദ്വീപിന്‍റെ വിദേശ നയത്തില്‍ ഇന്ത്യയെക്കാള്‍ മുന്‍ഗണന ചൈനയ്‌ക്ക് നല്‍കുമെന്നതായിരുന്നു അത്. പ്രസിഡന്‍റായതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനം ഇന്ത്യയിലേക്കല്ല, മറിച്ച് ചൈനയിലേക്കാണെന്ന് മുയിസു തീരുമാനിക്കുക കൂടി ചെയ്‌തതോടെ മാലദ്വീപ്-ഇന്ത്യ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വരികയാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതിനിടെ മാലദ്വീപ് ചൈനയുമായി പ്രതിരോധ സഹകരണ കരാറുകള്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഇതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം വല്ലാതങ്ങ് നേര്‍ത്തുപോയി.

മുയിസു പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം (ETV Bharat)

മാലദ്വീപിനും ഇന്ത്യയ്‌ക്കും ഇടയിലെ കടല്‍ തെളിയുന്നു :ഇരു രാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ പ്രതിസന്ധിക്ക് അധികം ആയുസ് ഉണ്ടായില്ല. നേരത്തെ മാലദ്വീപ് സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനോടും ചൈന അനുകൂല നടപടികളോടും ഇന്ത്യ പ്രതികരിച്ചത് വളരെ പക്വതയോടെയായിരുന്നു. മാലദ്വീപിന്‍റെ ആവശ്യപ്രകാരം തങ്ങളുടെ സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായി. പകരം മറ്റൊരു കരാര്‍ ഇന്ത്യ മുന്നോട്ടുവച്ചു. ഇത് പ്രകാരം സൈനികരല്ലാത്ത ഇന്ത്യക്കാരെ ഉപയോഗിച്ച് ഹെലികോപ്‌ടറും വിമാനവും പ്രവര്‍ത്തിപ്പിക്കാന്‍ മാലദ്വീപ് സമ്മതിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭൂമി ശാസ്‌ത്രപരമായി മാലദ്വീപിന്‍റെ ഏറ്റവും അടുത്തതും ശക്തവുമായ അയല്‍ രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യയുമായുള്ള ഇടപെടല്‍ ശക്തിപ്പെടുത്തേണ്ടത് മാലദ്വീപിന്‍റെ ആവശ്യവുമാണ്. അല്‍പം കഴിഞ്ഞാണെങ്കിലും, ഇടം തിരിഞ്ഞ് നിന്നിരുന്ന മുയിസു ഇത് മനസിലാക്കി എന്നുതന്നെ വേണം കരുതാന്‍. ദിവസങ്ങള്‍ക്ക് മുന്‍പ്, വ്യക്തമായി പറഞ്ഞാല്‍ ഒക്‌ടോബര്‍ ആറാം തീയതി, മുയിസു നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനം ഇത്തരത്തില്‍ നോക്കി കാണാവുന്നതാണ്.

മുയിസുവും പ്രധാനമന്ത്രി മോദിയും (ETV Bharat)

ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രശ്‌നം ഇരു രാജ്യങ്ങള്‍ക്കും അലോസരം ഉണ്ടാകാത്ത രീതിയില്‍ പരിഹരിച്ചതോടെ, തന്‍റെ നിലപാടുകള്‍ കൊണ്ട് ഉഭയകക്ഷി ബന്ധത്തിന് ഉലച്ചില്‍ തട്ടില്ലെന്ന് മുയിസു ദൃഢനിശ്ചയം എടുത്തതും വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രധാനമന്ത്രി മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മന്ത്രിമാരെ മുയിസു സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇതേ മാസം തന്നെ 'കോപ് 28' ന്‍റെ ഭാഗമായി ദുബായിലെത്തിയപ്പോള്‍ മുയിസു നരേന്ദ്ര മോദിയെ കാണുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അരയ്‌ക്കിട്ട് ഉറപ്പിക്കാന്‍ ഒരു കോര്‍ ഗ്രൂപ്പ് രൂപീകരിക്കാന്‍ സമ്മതം അറിയിക്കുകയും ചെയ്യുകയുണ്ടായി. മുയിസുവിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് കളമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മാലദ്വീപിലെത്തിയിരുന്നു. ഇന്ത്യന്‍ പ്രതിനിധിയ്‌ക്ക് മുയിസു വന്‍ സ്വീകരണമാണ് ഒരുക്കിയത്.

മഞ്ഞുരുക്കി മുയിസുവിന്‍റെ ഇന്ത്യ സന്ദര്‍ശനം : മുയിസുവിന്‍റെ ഇക്കഴിഞ്ഞ ഇന്ത്യ സന്ദര്‍ശനം പല തലങ്ങളില്‍ നോക്കി കാണാവുന്നതാണ്. ഒന്നാമതായി, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന കാറൊഴിഞ്ഞു എന്ന് അനുമാനിക്കാം. മുന്‍പത്തേതു പോലെ തന്നെ ഇന്ത്യയും മാലദ്വീപും 'ഭായ്‌-ഭായ്' ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 'ഇന്ത്യയുടെ സുരക്ഷ തകര്‍ക്കുന്ന യാതൊന്നും മാലദ്വീപ് ഒരിക്കലും ചെയ്യില്ല' എന്ന് പ്രസിഡന്‍റ് മുയിസു പരസ്യ പ്രസ്‌താവന നടത്തിയതും ശ്രദ്ധേയം. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് മുയിസു നല്‍കിയ അഭിമുഖത്തില്‍, മറ്റ് രാജ്യങ്ങളുമായുള്ള മാലദ്വീപ് ബന്ധം ഇന്ത്യയുടെ സുരക്ഷയ്‌ക്ക് തുരങ്കം വയ്‌ക്കില്ലെന്ന് മാലദ്വീപിന് ഉറപ്പുണ്ടെന്ന്, അദ്ദേഹം പറയുകയുണ്ടായി. പ്രധാനമായും ചൈനയുമായുള്ള ബന്ധത്തെ കുറിച്ചാണ് മുയിസു അന്ന് പറഞ്ഞത്.

മുയിസു മോദി കൂടിക്കാഴ്‌ച (ETV Bharat)

സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവയ്‌ക്കുന്നതിന് പുറമെ, ഇരു രാജ്യങ്ങളും തമ്മില്‍ ഭാവിയില്‍ ഉണ്ടാകേണ്ട അന്തര്‍ധാര വ്യക്തമാക്കുന്ന സമവായവും തയാറാക്കിയിട്ടുണ്ട്. സാമ്പത്തിക മേഖലയിലെയും സമുദ്ര സുരക്ഷയിലെയും സഹകരണത്തിനാണ് ഇന്ത്യ-മാലദ്വീപ് സര്‍ക്കാരുകള്‍ ഉന്നല്‍ നല്‍കുന്നത്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പാർപ്പിടങ്ങൾ, ആശുപത്രികൾ, റോഡ് ഗതാഗതം, കായിക സൗകര്യങ്ങൾ, സ്‌കൂളുകൾ, ജലം, മലിനജല സംസ്‌കരണം, പാർപ്പിടം തുടങ്ങിയ മേഖലകളിലെ വികസന സഹകരണ പദ്ധതികളിലൂടെ ഇന്ത്യ മാലദ്വീപിനെ തുടർന്നും സഹായിക്കും.

മുഹമ്മദ് മുയിസു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം (ETV Bharat)

ഗ്രേറ്റർ മെയിൽ കണക്റ്റിവിറ്റി പ്രോജക്‌ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. കറന്‍സി വിനിമയ കരാര്‍ പ്രകാരം മാലദ്വീപിന് സാമ്പത്തിക സഹായം ഉറപ്പാക്കും. ഈ കരാര്‍ പ്രകാരം, മാലദ്വീപിന്‍റെ ഹ്രസ്വകാല വിദേശ നാണയ ദ്രവ്യതയ്‌ക്കും പേമെന്‍റ് സ്ഥിരിത സമതുലിതമാക്കുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 400 മില്യണ്‍ ഡോളറും 30 ബില്യണ്‍ ഡോളറും നല്‍കും.

മുയിസുവിന്‍റെ സന്ദര്‍ശന വേളയില്‍ (ETV Bharat)

ഇന്ത്യയുടെ വീക്ഷണകോണിൽ, നൈബര്‍ഹുഡ് ഫസ്റ്റ് പോളിസി, മിഷന്‍ സാഗര്‍ (Security and Growth For All in the Region) എന്നിവയുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രബലമായ അയല്‍ രാജ്യമാണ് മാലദ്വീപ്. അതിനാൽ, സുരക്ഷ ഉൾപ്പെടെയുള്ള, ഇന്ത്യയുടെ ദേശീയതയ്ക്ക് ഹാനികരമായ ഒരു പ്രവർത്തനത്തിലും ഏര്‍പ്പെടാത്തിടത്തോളം കാലം ചൈനയോടോ മറ്റേതെങ്കിലും രാജ്യങ്ങളോടോ മാലദ്വീപ് (മറ്റേതെങ്കിലും രാജ്യം) ഇടപെടുന്നതില്‍ ഇന്ത്യയ്‌ക്ക് വിമുഖതയില്ല. ഇന്ത്യയുമായുള്ള സുസ്ഥിരമായ ബന്ധത്തിലേക്ക് മാലദ്വീപ് മടങ്ങിയെത്തുന്നത്, ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലെ പിരിമുറുക്കങ്ങള്‍ ഒഴിയുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ഇന്ത്യയുടെ സമർഥമായ നയതന്ത്രവും മാലദ്വീപിന്‍റെ യാഥാർഥ്യ ബോധത്തോടെയുള്ള സമീപനവും ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞുരുക്കി. നിലവില്‍ മാലദ്വീപ് ഇന്ത്യയെ ആശങ്കപ്പെടുത്തുകയോ പ്രകോപിക്കുകയോ ചെയ്യാത്ത അയല്‍ക്കാരനാണ്. സന്ധിയും സൗഹൃദവും ഇന്ത്യയ്‌ക്കും മാലദ്വീപിനും ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

Also Read: അദ്ദു സിറ്റിയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ്; നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ മാലദ്വീപ്

ABOUT THE AUTHOR

...view details