ആഗസ്റ്റ് 14, സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെക്കുന്ന ഇന്ത്യയുടെ നെഞ്ച് കീറിക്കൊണ്ട് രാജ്യത്തെ വെട്ടിമുറിച്ച് രണ്ടാക്കിയതിന്‍റെ ഓര്‍മ ദിനം. ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ ഇന്നും ഉണങ്ങിയിട്ടില്ലാത്ത ആ മുറിവിനെ 'വിഭജന ഭീതി അനുസ്‌മരണ ദിവസം' ആയി രാജ്യം സ്‌മരിക്കുന്നു. 1947-ലെ ഇന്ത്യ വിഭജനം, ദുരന്തമായി ഭവിച്ചവരുടെ സ്‌മരണകൾക്കായാണ് വർഷം തോറും ഈ ദിനം ആചരിക്കുന്നത്. 2021-ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 14 വിഭജന ഭീതി അനുസ്‌മരണ ദിവസമായി പ്രഖ്യാപിച്ചത്
ഇന്ത്യ അവളുടെ 78-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴും വിഭജനത്തിന്‍റെ ഭീകരത തളംകെട്ടിയ ആ ഭൂതകാലത്തിന്‍റെ സ്‌മരണയും രാജ്യത്തെമ്പാടും അലയടിക്കുന്നുണ്ട്.
'വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവുന്നതല്ല. ബുദ്ധിശൂന്യമായ വെറുപ്പും അക്രമവും കാരണം ദശലക്ഷക്കണക്കിന് വരുന്ന നമ്മുടെ സഹോദരിമാരും സഹോദരന്മാരും പലായനം ചെയ്യേണ്ടി വന്നു. നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു.നമ്മുടെ ജനതയുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ ഓര്‍മ ദിനമായി ആചരിക്കും'
-പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഭജനത്തിന്‍റെ ചരിത്രം :
ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പലായനവും നിർബന്ധിത കുടിയേറ്റവും നടന്നത് വിഭജന കാലത്താണ്. വിശ്വാസത്തെയും മതത്തെയും അടിസ്ഥാനമാക്കിയ അക്രമാസക്തമായ വിഭജനം എന്നതിലുപരി സഹവർത്തിത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും യുഗങ്ങള്‍ എങ്ങനെ നാടകീയമായി അവസാനിച്ചു എന്നതിന്‍റെ കഥ കൂടിയാണ് വിഭജനം. ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ഹീന തന്ത്രത്തിന്‍റെ ഫലം അതിന്‍റെ മൂര്‍ത്തീഭാവം പ്രദര്‍ശിപ്പിച്ച കാലം.
പടിഞ്ഞാറൻ പാകിസ്ഥാനായി മാറിയ മേഖലയില്‍ നിന്ന് ഏകദേശം 6 ദശലക്ഷം അമുസ്‌ലീങ്ങളാണ് പലായനം ചെയ്യേണ്ടിവന്നത്. 6.5 ദശലക്ഷം മുസ്‌ലീങ്ങൾ പഞ്ചാബ്, ഡൽഹി പ്രദേശങ്ങളില്‍ നിന്ന് പടിഞ്ഞാറൻ പാകിസ്ഥാനിലേക്ക് കുടിയേറേണ്ടി വന്നു. ഏകദേശം 2 ദശലക്ഷം അമുസ്‌ലീങ്ങൾ കിഴക്കൻ ബംഗാളിൽ (പാകിസ്ഥാൻ) നിന്നും പിന്നീട് 1950-ൽ 2 ദശലക്ഷം അമുസ്‌ലീങ്ങള്‍ പശ്ചിമ ബംഗാളിലേക്കും (ഇന്ത്യ) കുടിയേറി.
ഏകദേശം പത്ത് ലക്ഷത്തോളം മുസ്‌ലീങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന് അക്കാലത്ത് കുടിയേറിയതായാണ് കണക്ക്. വിഭജന കാലത്തെ അക്രമങ്ങളിലും കലാപങ്ങളിലും കൊല്ലപ്പെട്ടവരുടെ കണക്ക് ഏകദേശം അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ്. പൊതുവായി അംഗീകരിക്കപ്പെട്ട കണക്ക് ഏകദേശം അഞ്ച് ലക്ഷം എന്നതാണ്.
വിഭജനത്തിന്‍റെ ചരിത്ര പശ്ചാത്തലം :
വർഗീയ കലാപങ്ങൾ അടിക്കടി പൊട്ടിപ്പുറപ്പെടുന്ന ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. മുസ്‌ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന ആവശ്യം സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്ന കാലത്തേക്ക് ശക്തി പ്രാപിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയം ഇന്ത്യയിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ അതിരൂക്ഷമായ ഭിന്നതയും അരക്ഷിത മാനസികാവസ്ഥയും സൃഷ്‌ടിച്ചു.
ദ്വിരാഷ്‌ട്ര സിദ്ധാന്തം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പാകിസ്ഥാന് വേണ്ടി ശക്തമായി വാദിച്ച വ്യക്തി മുഹമ്മദലി ജിന്നയാണ്. ഒരു കാലത്ത് ഇന്ത്യയുടെ അഖണ്ഡതയിലും അഭിവൃദ്ധിയിലും മാത്രം വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്ന ജിന്ന തന്നെ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്‍റെ വക്താവായത് ചരിത്രത്തിന്‍റെ ഭാഗമാണ്. ജിന്നയുടെയും മുസ്‌ലിം ലീഗിന്‍റെയും കടുംപിടുത്തമാണ് മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത വിഭജിക്കുന്നതിേലക്ക് കാര്യങ്ങള്‍ എത്തിച്ചത്. 'ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം വേണമെന്നാണ് നിങ്ങല്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഞങ്ങൾക്ക് അതിനൊരു മടിയുമില്ല. ഒന്നുകിൽ ഒരു വിഭജിച്ച ഇന്ത്യ അല്ലെങ്കിൽ തകര്‍ക്കപ്പെട്ട ഇന്ത്യ, ഇതില്‍ ഏതെങ്കിലുമേ ഉണ്ടാകൂ'- എന്നായിരുന്നു ജിന്നയുടെ പ്രഖ്യാപനം.
വിഭജനത്തിന്‍റെ ഭീകരത :
പെട്ടെന്ന് പ്രഖ്യാപിക്കപ്പെട്ട വിഭജനം ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. 12 ദശലക്ഷം ആളുകൾക്ക് രൂപീകരിച്ച അതിർത്തികൾ മാറേണ്ടിവന്നു. വിഭജന കാലത്തെ അക്രമത്തില്‍ ആയിരക്കണക്കിന് കുട്ടികളെ കാണാതാവുകയും ആയിരക്കണക്കിന് സ്‌ത്രീകൾ കലാപകാരികളാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്‌തു. പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ കലാപ കലുഷിതമായിരുന്നു അക്കാലത്ത്.
വിഭജനത്തിന്‍റെ മുറിവുകളും അതുണ്ടാക്കിയ തീരാവേദനയും വിഭജനം മൂലമുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധിയും ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. മനസുകളില്‍ മതില്‍കെട്ടി മനുഷ്യരെ വിഭജിക്കുന്നവര്‍ക്കും അതിന് പ്രേരിപ്പിക്കുന്നവര്‍ക്കും ചരിത്രം നല്‍കുന്ന ഓര്‍മപ്പെടുത്തലായി ഇന്ത്യ വിഭജനം നിലകൊള്ളും.