കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞ് പിടിച്ച് അറസ്‌റ്റ് ചെയ്യുന്നതിനെതിരെ ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പ്രതിഷേധം അറിയിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. രാജ്യസഭാംഗങ്ങളായ ഡെറിക് ഒബ്രിയാനും, മൊഹ്‌ദ് നദിമുള്‍ ഹക്കും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഇന്ന് തന്നെ ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് ഇത്തരം നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തുമെന്നും മമത എക്‌സില്‍ കുറിച്ചിട്ടുണ്ട് (Mamata Banerjee on Arrests Of Opposition Leaders).
കഴിഞ്ഞ ദിവസം രാത്രി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മമത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളിനെ നേരിട്ട് വിളിച്ച് തന്‍റെ പിന്തുണ അറിയിക്കുകയും ചെയ്‌തു. കെജ്‌രിവാളിന്‍റെ അറസ്‌റ്റിനെ താന്‍ ശക്തമായി അപലപിക്കുന്നതായി മമത എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത, നിലവില്‍ അധികാരത്തിലുള്ള മുഖ്യമന്ത്രിയെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നതെന്നും മമത ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞുപിടിച്ച് അറസ്‌റ്റ് ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.
അതേസമയം ഇഡിയും സിബിഐയും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ബിജെപിയുമായി കൂട്ട് ചേരുന്നതോടെ അവരുടെ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരാന്‍ അധികൃതര്‍ അവസരം ഒരുക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി. ഇതിലൂടെ ജനാധിപത്യത്തെ നിഷ്‌ഠൂരം കശാപ്പ് ചെയ്യുകയാണെന്നും മമത പോസ്‌റ്റില്‍ ആരോപിച്ചു.