കൊൽക്കത്ത: പ്രതിപക്ഷ മുന്നണിയെ ശക്തിപ്പെടുത്താനും അതിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ബ്രാൻഡ് മൂല്യം ഉയർത്താനും വിഭാവനം ചെയയ്‌ത ഇന്ത്യ സഖ്യം നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ തിരിച്ചടിച്ച നിലയിലാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവിടെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചു, ഇപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാരത്തേക്ക് കുതിക്കാൻ ഒരുങ്ങുന്നു.
മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ പുറത്താക്കാൻ ആരെങ്കിലും മുൻകൈയെടുക്കുകയും, അവരെ കടന്നാക്രമിച്ചുകൊണ്ട് പ്രചാരണം ആരംഭിക്കുകയും ചെയ്യേണ്ട ഈ സമയത്തുണ്ടാകുന്ന തിരിച്ചടികള്‍ സഖ്യത്തിന്‍റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നതായി തോന്നുന്നു. പക്ഷേ, കോൺഗ്രസിൻ്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത പിടിവാശിയാണോ കൂടുതൽ തൂവലുകൾ പൊഴിയാന്‍ കാരണം?
കോൺഗ്രസ് നേതാക്കളുടെ മെയ്‌വഴക്കത്തിൻ്റെ അഭാവം ഇവിടെ പ്രകടമാണെന്നത് നിഷേധിക്കാനാവില്ല. ഈ സന്ദർഭത്തിൽ ഓസ്‌കർ ജേതാവായ ബംഗാളി ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ 'ജൽഷാഗർ' എന്ന ചിത്രമാണ് ഓർമ്മവരുന്നത്. റേയുടെ ഈ ഐക്കണിക് സിനിമയിൽ, വൃദ്ധനായ ഒരു ജന്മി തൻ്റെ പ്രതാപകാലം ഭൂതകാലം മാത്രമാണെന്ന് തിരിച്ചറിയാതെ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലും അപ്രായോഗികമായ തൻ്റെ അഹങ്കാരം അയാൾ തുടരുന്നു. ഒരുകാലത്ത് അജയ്യമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോൾ അതിൻ്റെ മുൻകാല അജയ്യതയുടെ നിഴൽ മാത്രമാണ്.
തുടക്കത്തിലെ കലഹങ്ങൾ:ഇന്ത്യ സഖ്യം ആരംഭിച്ച് കേവലം മാസങ്ങൾക്ക് പിന്നിടുമ്പോള്‍ 28-പാർട്ടികളുള്ള സഖ്യം പല സംസ്ഥാനങ്ങളിലും തർക്കം തുടങ്ങി. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ കർക്കശമായ സമീപനമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് ചിലർ പറയുന്നു. കോൺഗ്രസ് സംസ്ഥാന ഘടകത്തിൻ്റെ 'അമിതമായ ആഗ്രഹങ്ങൾക്ക് ' വഴങ്ങാൻ മമത ബാനർജി വിസമ്മതിച്ച നിമിഷം തന്നെ മുന്നണിയുടെ അന്ത്യം പ്രവചിക്കപ്പെട്ടു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജന്‍ ചൗധരിയുടെ അധിക്ഷേപമാണ് പ്രതിസന്ധിക്ക് കാരണമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. "ഇന്ത്യ സഖ്യം പ്രവർത്തികമാകാത്തതിന്‍റെ മൂന്ന് കാരണങ്ങൾ ഇവയാണ് 1) അധീർ 2) അധീർ, 3) അധീർ... സ്വന്തം പാർട്ടിയുടെ ശവക്കുഴിയാണ് അധിർ." തൃണമൂലിന്‍റെ രാജ്യസഭ എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു. മറുപടിയായി അധീർ രഞ്ജന്‍ ചൗധരി ഡെറക് ഒബ്രിയാനെ ‘വിദേശി’ എന്ന് വിളിച്ചത് അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കാം.
തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷും അധീർ രഞ്ജനെതിരെ രംഗത്തെത്തി. ഇന്ത്യ സഖ്യവുമായുള്ള ഈ അവസ്ഥയ്ക്ക് അധീർ രഞ്ജന്‍ ചൗധരിയാണ് ഉത്തരവാദിയെന്ന് കുനാൽ തുറന്നടിച്ചു. തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തെ ആദരിക്കുമ്പോൾ, അധീർ രഞ്ജന്‍ ബിജെപിയുടെ സ്വരത്തിൽ ഞങ്ങളുടെ പാർട്ടിയെയും നേതാവിനെയും നിരന്തരം ആക്രമിക്കുന്നു. 2021 ൽ ഞങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തി. ഇടതിനും കോൺഗ്രസിനും പൂജ്യം സീറ്റുകൾ ലഭിച്ചു. ബിജെപിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് നേതാവ് നിരന്തരം പയറ്റുന്നതെന്നും കുനാൽ ഘോഷ് പറഞ്ഞു.