ചെന്നൈ :തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് തായ് എയർവേയ്‌സിന്‍റെ പാസഞ്ചർ വിമാനം ഇന്നലെ (ഫെബ്രുവരി 22) പുലർച്ചെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. ഈ വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ സ്യൂട്ട്കേസിൽ മയക്കുമരുന്ന് ഉണ്ടെന്ന് തായ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ഇന്ത്യൻ കസ്‌റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതിനെ തുടർന്ന് ഡൽഹിയിലെ കസ്‌റ്റംസ് ഹെഡ് ഓഫിസിൽ നിന്ന് ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് അവർ ഈ വിവരം നൽകി. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ചെന്നൈ അന്താരാഷ്‌ട്ര ടെർമിനലിലെ അറൈവൽ പോയിന്‍റിൽ കസ്‌റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തായ് എയർവേയ്‌സ് യാത്രക്കാരുടെ ലഗേജുകൾ എത്തിയ കൺവെയർ ബെൽറ്റ് സജീവമായി നിരീക്ഷിക്കുന്നതിനിടെ, തായ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞ സ്യൂട്ട്കേസ് യാത്രക്കാരിൽ ആരും അവകാശപ്പെടാത്തതിനാൽ ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർ തന്നെ ആ സ്യൂട്ട്കേസ് തുറന്നു.
ഹൈഡ്രോപോണിക് കഞ്ചാവ് എന്നറിയപ്പെടുന്ന 14 കിലോഗ്രാം ഹൈഗ്രേഡ് കഞ്ചാവാണ് സ്യൂട്ട്കേസിൽ ഉണ്ടായിരുന്നത്. ഇതിന്‍റെ അന്താരാഷ്‌ട്ര മൂല്യം ഏകദേശം 7 കോടി രൂപയോളം വരും (7 Crore Worth Hydroponic Cannabis Drugs Seized From Thailand Passenger). ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് ഉദ്യോഗസ്ഥർ ആ കഞ്ചാവ് പിടികൂടുകയും സ്യൂട്ട്കേസിൽ നിന്ന് കണ്ടെടുത്ത ടാഗ് ഉപയോഗിച്ച് സ്യൂട്ട്കേസിന്‍റെ അവകാശിക്കായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
അന്വേഷണത്തിൽ സ്യൂട്ട്കേസ് പുതുച്ചേരിയിൽ നിന്നുള്ള യാത്രക്കാരന്‍റേതാണെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. പിടിയിലാകുമെന്നറിഞ്ഞ് സ്യൂട്ട്‌കേസ് അവിടെ ഉപേക്ഷിച്ച് പോയതാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.