ബഹ്റിയ(ഉത്തര്‍പ്രദേശ്):മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. സംഘത്തിന്‍റെ പിടിയില്‍ നിന്ന് പതിനേഴുകാരിയെ രക്ഷിച്ചു. സശാസ്‌ത്ര സീമ ബെല്‍ (എസ്എസ്ബി) ഡെപ്യൂട്ടി കമാന്‍ഡര്‍ ദിലീപ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബഹ്റിയ ജില്ലയിലെ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന സംഘമാണ് ഇവരെ പിടികൂടിയത്. നേപ്പാള്‍ സ്വദേശികളായ ശശിറാം ഖത്രി, സുരേന്ദ്ര ഖത്രി എന്നിവരാണ് പിടിയിലായത്(Nepalese human trafficking).
ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. സംശയം തോന്നിയ എസ്എസ്ബി ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത് വിരുദ്ധസംഘവും ഒരു എന്‍ജിഓയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തത് . ഇതില്‍ നിന്നാണ് ശശി റാമിനെ ഒരു കൊല്ലം മുമ്പ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടതാണെന്ന് വ്യക്തമായത്. മെച്ചപ്പെട്ട ജീവിതവും പണവും വാഗ്‌ദാനം ചെയ്‌ത് പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയതാണെന്ന് ശശിറാം മൊഴി നല്‍കി. സിംലയിലെത്തിച്ച് പെണ്‍കുട്ടിയെ വില്‍ക്കാനായിരുന്നു ഉദ്ദേശ്യമെന്നും ഇയാള്‍ വെളിപ്പെടുത്തി( victim rescued, 2 held).