മുംബൈ:രാജ്യത്തെ ഒരു പ്രമുഖ വ്യവസായി ആയിരിക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ മഹത് വ്യക്തിത്വം കൂടിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത്രയേറെ ഇഷ്‌ടപ്പെട്ട മറ്റൊരു വ്യവസായി ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിൽ ഒരാളായി രത്തൻ ടാറ്റയെ കണക്കാക്കപ്പെടുന്നു. എല്ലാ സാധാരണക്കാരോടുമുള്ള അടുപ്പവും കാരുണ്യപരമായ സമീപനവും പ്രതിസന്ധിഘട്ടങ്ങളിലെ സഹാസഹായഹസ്തം മറ്റു പല വ്യവസായ പ്രമുഖരിൽ നിന്നും രത്തൻ ടാറ്റയെ നല്ലൊരു മനുഷ്യ സ്‌നേഹിയാക്കി മാറ്റി.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി നിരവധി മേഖലകളിലെ തന്‍റെ പ്രവർത്തനത്തിലൂടെ ദശലക്ഷക്കണക്കിന് പേരെയാണ് രത്തൻ ടാറ്റയും ട്രസ്‌റ്റും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. തന്‍റെ സമ്പത്തിന്‍റെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരുന്നു രത്തൻ ടാറ്റ വിനിയോഗിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നാണ് ടാറ്റ ട്രസ്‌റ്റുകൾ.
ടാറ്റയുടെ മാർഗനിർദേശപ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് ടാറ്റ ട്രസ്‌റ്റ് വഴി രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ഒരു കമ്പനിയുടെ വിജയം സമൂഹത്തിന്‍റെ ക്ഷേമവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് രത്തൻ ടാറ്റ വിശ്വസിച്ചിരുന്നത്. ടാറ്റ ട്രസ്‌റ്റുകൾ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുകയും ഇന്ത്യയിലുടനീളമുള്ള സുസ്ഥിര വികസവന പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കൊവിഡ് കാലത്ത് ആഗോള പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ രത്തൻ ടാറ്റ 500 കോടി രൂപ സംഭാവന നൽകിയതും ശ്രദ്ധേയമാണ്. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്‌ക്ക് പുറമെ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നു. ന്യൂയോര്‍ക്കിലെ കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടാറ്റ ട്രസ്‌റ്റ് 28 മില്യണ്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പ് ഫണ്ട് സ്ഥാപിച്ചു. 2010ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് 50 മില്യണ്‍ ഡോളര്‍ ടാറ്റ ട്രസ്‌റ്റ് സംഭാവന ചെയ്‌തിരുന്നു.
ലോക സമ്പന്നമാരുടെ പട്ടികയില്‍ ഇടംപിടിക്കാത്ത രത്തൻ ടാറ്റ, കാരണം ഇത്:
ടാറ്റ സൺസിന്‍റെ എമെരിറ്റസ് ചെയർമാനും ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാളുമായ രത്തൻ ടാറ്റ ഇതുവരെ ലോക സമ്പന്നരുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടില്ല. 2022 ലെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്‌റ്റ് പ്രകാരം 3,800 കോടി രൂപ ആസ്‌തിയുള്ള രത്തൻ ടാറ്റ ലോക കോടീശ്വരന്മാരില്‍ 421-ാം സ്ഥാനത്താണ്. ടാറ്റ സൺസിന്‍റെ സ്വത്തുകളില്‍ മൂന്നിൽ രണ്ട് ഓഹരിയും ടാറ്റ ട്രസ്‌റ്റിനാണ് മനുഷ്യ സ്‌നേഹി കൂടിയായ രത്തൻ ടാറ്റ വിട്ടുകൊടുത്തത്.