1947 ഓഗസ്‌റ്റ് പതിനഞ്ചിന് ഇന്ത്യ സ്വതന്ത്രമായെങ്കിലും 1950 ജനുവരി 26നാണ് ഇന്ത്യ പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടത്. ഭരണഘടന അംഗീകരിച്ചുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യയുടെ പൗരന്‍മാര്‍ക്ക് അവരുടെ സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും ജനാധിപത്യത്തിന് അടിത്തറയിടാനും ഭരണഘടന അധികാരം നല്‍കുന്നു.
21 ഗണ്‍ സല്യൂട്ടോട് കൂടി അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. അങ്ങനെയായിരുന്നു ഇന്ത്യന്‍ റിപ്പബ്ലികിന്‍റെ പിറവി ഔദ്യോഗികമായി വിളംബരം ചെയ്‌തത്. തുടര്‍ന്നിങ്ങോട്ട് ജനുവരി 26 രാജ്യത്തിന്‍റെ റിപ്പബ്ലിക് ദിനമായി ആചരിച്ച് ദേശീയ അവധി ദിനമായി ആചരിച്ച് പോരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോ. രാജേന്ദ്രപ്രസാദ് ദര്‍ബാര്‍ ഹാളില്‍ വച്ച് രാജ്യത്തെ ആദ്യ രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. തുടര്‍ന്ന് അഞ്ച് മൈല്‍ ദൂരമുള്ള ഇര്‍വിന്‍ സ്‌റ്റേഡിയത്തിലേക്ക് പരേഡുമുണ്ടായിരുന്നു. അവിടെ അദ്ദേഹം ദേശീയ പതാകയുയര്‍ത്തി.
ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്‍റെ ചരിത്രം
ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി തലവനായി 1947 ഓഗസ്‌റ്റ് 28ന് ഡോ. ബി ആര്‍ അംബേദ്‌ക്കറെ നിയമിച്ചു. രാജ്യത്തിന് സ്ഥിരവും വ്യവസ്ഥാപിതവുമായ ഒരു ഭരണഘടന നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. ഭരണഘടനയുടെ വേരുകള്‍ 1935 ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്‌ടുമായി ബന്ധപ്പെട്ട് കിടക്കുന്നു. 141 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1947 നവംബര്‍ നാലിന് ഭരണഘടനയുടെ ആദ്യ കരട് അസംബ്ലിക്ക് സമര്‍പ്പിച്ചു.
അടിസ്ഥാനപരമായി അഞ്ചുവരി തത്വങ്ങളാണ് സമിതി തയാറാക്കിയത്. ആ തത്വങ്ങൾ ഇവയാണ്
- രാജ്യം ഒരു റിപ്പബ്ലിക് ആകണം
- പാര്‍ലമെന്‍ററി മാതൃകയിലുള്ള സര്‍ക്കാര്‍ വേണം
- ഫെഡറല്‍ മാതൃക ആയിരിക്കണം
- മൗലികാവകാശങ്ങള്‍
- സ്വതന്ത്ര നീതിന്യായ സംവിധാനങ്ങള്‍ർ
ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി രണ്ട് വര്‍ഷത്തിനിടെ 166 ദിവസം സമ്മേളിച്ചു. ഈ സമ്മേളനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും കഠിന പ്രയ്‌ത്നങ്ങള്‍ക്കുമൊടുവില്‍ 1950 ജനുവരി 24ന് 616 പേരുടെ ഒപ്പോടുകൂടി 208 അംഗങ്ങളടങ്ങിയ സമിതി ഇന്ത്യന്‍ ഭരണഘടനയുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രണ്ട് കയ്യെഴുത്ത് പ്രതികള്‍ തയ്യാറാക്കി സമർപ്പിച്ചു.
രണ്ട് ദിവസങ്ങള്‍ക്കകം 1950 ജനുവരി 26ന് ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന നിലവില്‍ വന്നു. ആദ്യം 395 അനുച്‌ഛേദങ്ങളുണ്ടായിരുന്ന ഭരണഘടനയ്ക്ക് ഇപ്പോള്‍ 22 ഭാഗങ്ങളിലായി 448 അനുച്‌ഛേദങ്ങളും പന്ത്രണ്ട് പട്ടികകളുമുണ്ട്. നമ്മുടെ ഭരണഘടന ഇതിനോടകം 97 ഭേദഗതികള്‍ക്ക് വിധേയമായി. രാജ്യത്തിന്‍റെ എല്ലാ കോണുകളിലും ഭരണഘടനയ്ക്ക് സാധുതയുണ്ട്. യഥാര്‍ത്ഥ ഭരണഘടനയുടെ കയ്യെഴുത്ത് പകര്‍പ്പുകള്‍ ഹീലിയം നിറച്ച കെയ്‌സുകളിലാക്കി പാര്‍ലമെന്‍റ് ഹൗസിലെ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിരിക്കുന്നു.
റിപ്പബ്ലിക് ദിനത്തിന്‍റെ പ്രാധാന്യം
1930 ജനുവരി 26ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചു. അതുകഴിഞ്ഞ് വളരെ കാലത്തിന് ശേഷമാണ് നാം സ്വതന്ത്രമായതെങ്കിലും ഇന്ത്യയുടെ സ്വതന്ത്ര്യപോരാട്ടത്തിനുള്ള നാന്ദികുറിക്കലായിരുന്നു ഈ പ്രഖ്യാപനം. ഈ ദിനത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിനായി ജനുവരി 26 ഭരണഘടന നിലവില്‍ വരാനായി തെരഞ്ഞെടുത്തു.