ഷിംല (ഹിമാചല്‍ പ്രദേശ്) :കോണ്‍ഗ്രസിലെ കൂറുമാറ്റത്തിലൂടെ ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ഥി വിജയിച്ചതോടെ ഹിമാചലില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് അവതാളത്തില്‍ (Himachal Pradesh congress govt crisis). സര്‍ക്കാര്‍ വീഴാതിരിക്കാന്‍ പതിനെട്ട് അടവും പയറ്റുകയാണ് നിലവില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. വിമത എംഎല്‍എമാരോട് നേതാക്കള്‍ സംസാരിച്ചതായാണ് സൂചന.
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്‍റെ രാജി എംഎല്‍എമാര്‍ ആവശ്യപ്പെട്ടത് പ്രതിസന്ധി സങ്കീര്‍ണമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റ് 26 എംഎല്‍എമാര്‍ക്കും ഇതേ ആവശ്യം ഉണ്ടെന്നാണ് വിമതരുടെ വാദം. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കടക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
തുലാസിലായ ഹിമാചല്‍ സര്‍ക്കാരിനെ കാക്കാന്‍ ഡികെ ശിവകുമാറിനെയും ഭൂപേന്ദര്‍ സിങ് ഹൂഡയേയും നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇരുവരും ഇന്ന് തന്നെ ഷിംലയിലെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ബിജെപി ഗവര്‍ണറെ കണ്ടു. ഇതും കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും.
ഇന്ന് രാവിലെ മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂറിന്‍റെ നേതൃത്വത്തിലുള്ള സംഘം രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ ശിവ പ്രതാപ് ശുക്ലയെ കണ്ട് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. ഹിമാചല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്‌ടമായെന്ന് സംഘം ഗവര്‍ണറെ ധരിപ്പിച്ചു. ഇതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മന്ത്രി വിക്രമാദിത്യ സിങ് സ്ഥാനം ഒഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.