ഷിംല: മുഖ്യമന്ത്രിയുടെ സമൂസ ആരാണ് കഴിച്ചത്? ഹിമാചലിനെ പിടിച്ചു കുലുക്കുന്ന ചോദ്യമാണിതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന് വേണ്ടി ഓർഡർ ചെയ്‌ത സമൂസകൾ മറ്റാരോ കഴിച്ചതിന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് വലിയ കോലാഹലങ്ങള്‍ക്കിടയാക്കിയത്. സംഭവത്തിലെ സിഐഡി അന്വേഷണ റിപ്പോര്‍ട്ട് വൈറലാവുകയായിരുന്നു.
ഒക്‌ടോബര്‍ ആദ്യ വാരത്തില്‍ സിഐഡി ആസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു. മുഖ്യമന്ത്രിക്ക് ലഘുഭക്ഷണമായി ഷിംലയിലെ പ്രശസ്‌തമായ ഒരു ഹോട്ടലിൽ നിന്ന് സമൂസകൾ ഓർഡർ ചെയ്‌തു. എന്നാല്‍ സമൂസകൾ മുഖ്യമന്ത്രിക്ക് കിട്ടിയില്ല.
സംഭവമറിഞ്ഞ സിഐഡി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് വിവിഐപി പ്രോട്ടോക്കോള്‍ വീഴ്‌ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സിഐഡി അന്വേഷണം നടത്തുകയും റിപ്പോർട്ട് സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ഒക്‌ടോബർ 21 ന് ആണ് സിഐഡി ഐജി അന്വേഷണത്തിന് ഉത്തരവിടുന്നത്.
ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിക്കായി മൂന്ന് പാക്കറ്റുകളിലായി സമൂസയും മറ്റും എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ സിഐഡി ഓഫീസിലുണ്ടായിരുന്ന ഒരു എസ്ഐയും ഹെഡ് കോൺസ്‌റ്റബിളും ചേര്‍ന്ന് ഡിഎസ്‌പിക്കും മറ്റ് സെക്യൂരിറ്റി ജീവനക്കാർക്കുമായി ഈ ഭക്ഷണം അബദ്ധത്തില്‍ വിതരണം ചെയ്‌തതായി കണ്ടെത്തി.
അന്വേഷണ റിപ്പോര്‍ട്ട് വൈറലായതിന് പിന്നാലെ മുഖ്യമന്ത്രിക്ക് വിമര്‍ശനവും ആക്ഷേപവും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സംഭവം പ്രതിപക്ഷവും ഏറ്റെടുത്ത് കഴിഞ്ഞു. വികസനത്തിലും പൊതുസമൂഹത്തിലുമല്ല, മുഖ്യമന്ത്രിയുടെ സമൂസയിലാണ് സർക്കാരിന് ആശങ്കയെന്ന് ബിജെപി വിമര്‍ശിച്ചു.
'ഇക്കാര്യം പുറത്തുവന്നതോടെ ഹിമാചൽ പ്രദേശിനെ രാജ്യം മുഴുവൻ പരിഹസിക്കുകയാണ്. സംസ്ഥാന സർക്കാരിൽ വൻ അഴിമതികൾ നടക്കുന്നുണ്ടെങ്കിലും സമൂസയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരു ചെറിയ കാര്യത്തിനാണ് ഈ സർക്കാർ ഇത്തരത്തില്‍ അന്വേഷണം നടത്തിയിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. 'സർക്കാർ വിരുദ്ധ നടപടി' എന്ന തരത്തിലുള്ള വാക്കുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഒരു ചെറിയ കാര്യത്തിന് ഹിമാചലിനെ രാജ്യം മുഴുവൻ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ് ഈ സർക്കാർ.'- ബിജെപി മുൻ അധ്യക്ഷനും നിലവില്‍ എംഎൽഎയുമായ സത്പാൽ സിങ് സത്തി കുറിച്ചു.
ഇന്ന് രാവിലെ ഷിംലയിൽ നിന്ന് ഡൽഹിയിലേക്ക് പോകവേ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പ്രതികരിച്ചില്ല. അതേസമയം, ഇതൊരു ആഭ്യന്തര വിഷയമാണെന്നും അനാവശ്യമായി വിഷയത്തെ ഊതിവീര്‍പ്പിക്കുകയാണെന്നും സിഐഡി ഡിജി എസ് ആർ ഓജ പറഞ്ഞു. സംഭവത്തില്‍ ആർക്കും നോട്ടിസ് അയച്ചിട്ടില്ലെന്നും നടപടിയൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.