ഹിമാചൽ പ്രദേശ് :രണ്ടുദിവസമായി സംസ്ഥാന രാഷ്‌ട്രീയം കലങ്ങി മറിയുകയാണ്. അതിനിടെ താന്‍ രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും താൻ രാജിവച്ചിട്ടില്ലെന്നും സുഖ്‌വീന്ദർ സിംഗ് സുഖു മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ഉറപ്പായും അഞ്ചുവർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 6 കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ക്രോസ് വോട്ടിംഗിനെ തുടർന്ന് രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത് (Sukhwinder Singh Sukhu).
അതേസമയം രാഷ്‌ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയെ ഐഐസിസി, സംസ്ഥാന നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്. ചണ്ഡിഗഡിൽ നിന്ന് ഷിംലയിലെത്തുന്ന ഹൂഡ നിയമസഭാംഗങ്ങളുമായി ചര്‍ച്ച നടത്തും. പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗിന്‍റെ രാജി പ്രഖ്യാപനം പാര്‍ട്ടിയില്‍ വർദ്ധിച്ചുവരുന്ന അതൃപ്തി സാക്ഷ്യപ്പെടുത്തുന്നതാണ്. സർക്കാരിന്‍റെ പതനം തടയാൻ അംഗങ്ങളെ ഒപ്പം നിർത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ നേതൃത്വം നേരിടുന്നത്(Himachal Pradesh CM Sukhwinder Singh Sukhu).