കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് കോടതി അനുമതി

ജാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി ചമ്പായ് സോറന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി നൽകി കോടതി.

Hemant Soren  Jharkhand trust vote  ജാർഖണ്ഡ് വിശ്വാസവോട്ടെടുപ്പ്  ഹേമന്ത് സോറൻ
hemant soren

By ETV Bharat Kerala Team

Published : Feb 3, 2024, 5:30 PM IST

റായ്‌പൂർ: ഭൂമി കുംഭകോണ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് (CM Hemant Soren) സംസ്ഥാന നിയമസഭയിൽ ഫെബ്രുവരി അഞ്ചിന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ (trust vote) പങ്കെടുക്കാൻ അനുമതി നൽകി കോടതി. ഫെബ്രുവരി അഞ്ച്, ആറ് തീയതികളിലാണ് ജാർഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പ്. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഹേമന്ത് സോറന് അനുമതി നൽകിയത്.

നിലവിൽ ഹേമന്ത് സോറൻ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്. കഴിഞ്ഞ ബുധനാഴ്‌ചയാണ് (ജനുവരി 31) ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഹേമന്ത് സോറന്‍റെ അറസ്റ്റിനെ തുടർന്ന് ഇന്നലെ ചമ്പയ്‌ സോറൻ സത്യപ്രതിജ്ഞ ചെയ്‌ത് ജാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

അതേസമയം, കേസിൽ ഇഡി അറസ്റ്റ് ചെയ്‌ത നടപടിയെ ചോദ്യം ചെയ്‌ത് ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഹർജി പരി​ഗണിക്കാൻ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദേശം നൽകി. എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാത്തതെന്നും ബെഞ്ച് ആരാഞ്ഞു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ചമ്പായ് സോറന് 10 ദിവസത്തെ സമയമാണ് ഗവർണർ അനുവദിച്ചിരിക്കുന്നത്. ചമ്പായി സോറൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് 41 എം എല്‍എ മാരുടെ പിന്തുണയുണ്ട്. നിലവിൽ 43 എംഎൽഎമാർ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ചമ്പായ് സോറൻ അവകാശപ്പെടുന്നുണ്ട്. അതിനിടെ ജെഎംഎം സഖ്യത്തിൻ്റെ 40ഓളം എംഎൽഎമാരെ തെലങ്കാനയിലേക്ക് മാറ്റിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details