എറണാകുളം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ അഭിഭാഷൻ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എഡിഎമ്മിന്‍റെ മരണം കൊലപാതകമാണെന്ന സംശയവും ഹര്‍ജിയില്‍ കുടുംബം ഉന്നയിച്ചു.
കേസില്‍ നീതി ലഭ്യമാക്കാൻ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട കുടുംബം നവീൻ ബാബുവിന്‍റെ മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്തുന്നതിലും പ്രതിയുടെയടക്കം ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായി. ഇൻക്വസ്റ്റ് നടപടികളുടെ തിടുക്കം സംശയം വർധിപ്പിക്കുന്നു.
താനോ ബന്ധുക്കളോ എത്തുന്നതിന് മുൻപ് ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. റെയിൽവേ സ്റ്റേഷൻ, കലക്‌ടറേറ്റ്, കോർട്ടേഴ്‌സ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അന്വേഷണ സംഘം ശേഖരിച്ചിട്ടില്ല. പ്രതിയായ പിപി ദിവ്യയ്ക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാൻ അന്വേഷണസംഘം സാഹചര്യമൊരുക്കുന്നുവെന്നും യാത്രയയപ്പ് യോഗത്തിനുശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെ എന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്‍റെ പരാതി കെട്ടിച്ചമച്ചതാണെന്നും അന്വേഷണസംഘം തെളിവുകൾ കുഴിച്ചുമൂടാൻ ശ്രമിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. അതിനിടെ നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ചേർത്തല സ്വദേശിയുടേതായും ഒരു പൊതു താൽപ്പര്യ ഹർജി ഹൈക്കോടതിയിൽ എത്തി.
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 15നായിരുന്നു എഡിഎം നവീൻ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിപ്പോകുന്ന നവീന്‍ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീൻ ബാബുവിന്‍റെ ആത്മഹത്യ എന്നായിരുന്നു ആരോപണം.
സംഭവത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പിപി ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന പിപി ദിവ്യയ്‌ക്ക് 11 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് കെടി നിസാറായിരുന്നു ദിവ്യയുടെ ജാമ്യാപക്ഷയില്‍ വിധി പറഞ്ഞത്. ദിവ്യയ്‌ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.