ഹൈദരാബാദ് :തെലങ്കാനയില്‍ ഇത്തവണ വേനല്‍ ചൂട് കനക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഗരങ്ങളില്‍ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് ഇത്തവണ പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു.
സംസ്ഥാനത്തെ 16 ജില്ലകളിൽ ഏപ്രിൽ 1 മുതൽ 3 വരെ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. മെയ് വരെ ഉയര്‍ന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും ഐഎംഡി അറിയിച്ചു.
അദിലാബാദ്, ആസിഫാബാദ്, നിസാമാബാദ്, നിർമൽ, മഞ്ചേരിയൽ, ജഗ്‌തിയാൽ, കരിംനഗർ, പെഡപ്പള്ളി, ഭൂപാൽപള്ളി, മുലുഗു, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, കാമറെഡ്ഡി, നാരായൺപേട്ട്, ഗദ്വാൾ എന്നിവിടങ്ങളിലാണ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രില്‍ പകുതിയാകുമ്പോഴേക്കും ചൂട് ഇരട്ടിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. നഗരവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മാസ്‌ക് ഉള്‍പ്പെടെയുള്ളവ ധരിച്ചാണ് ജനങ്ങള്‍ കനത്ത വെയിലിനെയും ചൂടിനെയും പ്രതിരോധിക്കുന്നത്. വഴിയോരത്ത് ശീതള പാനീയങ്ങളും ഇളനീരുകളും വില്‍ക്കുന്ന കടകളില്‍ ജനത്തിരക്കേറുന്നതും വേനല്‍ക്കാലത്ത് മറ്റൊരു കാഴ്‌ചയാണ്.
ഉപ്പലിൽ 43.3 ഡിഗ്രി സെൽഷ്യസും സെറിലിംഗം പള്ളിയിൽ 43.1 ഡിഗ്രി സെൽഷ്യസും കുത്ബുള്ളാപൂരിൽ 43.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ഹയാത്ത് നഗർ, ഖൈരതാബാദ്, സരൂർനഗർ കുക്കട്ട്പള്ളി എന്നിവിടങ്ങളിൽ യഥാക്രമം 42.7, 42.1, 42 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടു.
ALSO READ : സംസ്ഥാനത്ത് വേനൽ കടുക്കുന്നു; ജില്ലകളില്‍ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്