തിരുവനന്തപുരം: അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന തരത്തില്‍ സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് അധികൃതരും തമ്മില്‍ പുതിയ അനുബന്ധ കരാര്‍ (സപ്ലിമെൻ്ററി കണ്‍സെഷന്‍ കരാര്‍) ഒപ്പിട്ടു. 2028 ല്‍ തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് പുതിയ കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കാന്‍ അദാനി ഗ്രൂപ്പിനു കഴിയുന്നില്ലെങ്കില്‍ പിഴയായി സംസ്ഥാന സര്‍ക്കാരിന് 219 കോടി രൂപ നല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ.
2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദാനി 219 കോടി രൂപ സര്‍ക്കാരിനു പിഴയായി നല്‍കിയിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി 2028 ല്‍ പൂര്‍ത്തിയാക്കുന്നതോടെ ഇതില്‍ 43.8 കോടി രൂപ സംസ്ഥാനം ഈടാക്കിയ ശേഷം ബാക്കി തുക അദാനിക്കു തിരിച്ചു നല്‍കും. എന്നാല്‍ 2028 ല്‍ പദ്ധതിയുടെ മൂന്നു ഘട്ടങ്ങളും അദാനി പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ 219 കോടി രൂപയും സര്‍ക്കാരിൻ്റേതാകും. മാത്രമല്ല, കൊവിഡ്, ഓഖി, പ്രളയം എന്നിവ മൂലം കരാര്‍ കാലാവധി 5 വര്‍ഷം ദീര്‍ഘിപ്പിച്ചു നല്‍കിയത് റദ്ദാക്കുകയും ചെയ്യും.
സാധ്യത കടലോളം, അടുത്ത നാലു വര്‍ഷത്തേക്കു അദാനി മുടക്കുന്നത് 10,000 കോടി രൂപ.
തുറമുഖത്തിൻ്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ ഡിസംബറില്‍ ഒന്നാം ഘട്ടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതോടെ പടുകൂറ്റന്‍ മദര്‍ഷിപ്പുകള്‍ തലങ്ങും വിലങ്ങും പായുന്ന തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും.
ഈ രണ്ടു ഘട്ടങ്ങള്‍ക്കുമായി അദാനി ഗ്രൂപ്പ് 10,000 കോടി രൂപ മുടക്കും. നാലു വര്‍ഷം കൊണ്ട് ഇത്രയും തുക നിര്‍മാണ കമ്പനി മുടക്കുമ്പോള്‍ നിര്‍മാണ വസ്‌തുക്കള്‍ക്കു മേല്‍ ലഭിക്കുന്ന ജിഎസ്‌ടി, റോയല്‍റ്റി, മറ്റു നികുതികള്‍ എല്ലാം ചേര്‍ത്ത് നികുതി ഇനത്തില്‍ സംസ്ഥാനത്തിന് കോടികള്‍ ലഭിക്കും. ഈ തുകയുടെ ഒരു പങ്കില്‍ നിന്നു മാത്രം 2028ല്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമ്പോള്‍ അദാനിക്കു സംസ്ഥാനം നല്‍കേണ്ട 175.20 രൂപ കണ്ടെത്താനാകും.
മാത്രമല്ല, പ്രദേശ വാസികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതിനു പുറമേ പശ്ചാത്തല വികസനത്തിനും മറ്റുമായി സംസ്ഥാന സര്‍ക്കാര്‍ 8000 കോടി രൂപയുടെ പദ്ധതി കൊണ്ടു വരും. ടൂറിസം രംഗത്തു കുതിച്ചു ചാട്ടത്തിനു കാരണമാകുന്നതോടെ ഹോട്ടല്‍ വ്യവസായ രംഗത്ത് വന്‍ കുതിപ്പുണ്ടാകും. കേരളത്തിൻ്റെ നികുതി രംഗത്തിനും തുറമുഖം പുത്തന്‍ ഉണര്‍വാകും.
നികുതി വരുമാനത്തില്‍ സംസ്ഥാനത്തിനു ലോട്ടറി
തുറമുഖത്ത് ചരക്കിറക്കുമ്പോള്‍ അതിന്‍റെ മൂല്യത്തിന്‍ മേല്‍ ഐജിഎസ്‌ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിൻ്റെ നികുതി വിഹിതം സംസ്ഥാനത്തിനു ലഭിക്കും. പുറമേ ചരക്കു കയറ്റിറക്കു ഫീസിനത്തിലുള്ള നികുതിയും സംസ്ഥാനത്തിനു ലഭിക്കും.
തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങളുടെ ഫീസിനത്തിലും കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തിനു നികുതി ലഭിക്കും. ഒരു മദര്‍ഷിപ്പ് വിഴിഞ്ഞത്തു വന്നു പോകുമ്പോള്‍ ഏകദേശം ഒരു കോടി രൂപ വിഴിഞ്ഞം തുറമുഖത്തിനു ലഭിക്കും. ഇതിൻ്റെ 18 ശതമാനം ജിഎസ്‌ടിയാണ്. ഈ ജിഎസ്‌ടിയുടെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാരിനുള്ളതാണ്.
തുറമുഖത്തിൻ്റെ സ്ഥാപിത ശേഷി കുതിച്ചുയരും
2028 ല്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനലായി വിഴിഞ്ഞം മാറും. തുറമുഖത്തിൻ്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതോടെ ഇത് 45 ലക്ഷം കണ്ടെയ്‌നറായി ഉയരും. പഴയ കരാര്‍ പ്രകാരം പ്രതിവര്‍ഷ കണ്ടെയ്‌നര്‍ സ്ഥാപിത ശേഷി 10 ലക്ഷമായിരുന്നു.
65 വര്‍ഷം നടത്തിപ്പവകാശം അദാനിക്ക്
കേന്ദ്ര ആസൂത്രണ കമ്മിഷൻ്റെ മാതൃകാ കണ്‍സഷന്‍ മാതൃകയിലുള്ളതാണ് പുതിയ കരാര്‍. 40 വര്‍ഷമാണ് കരാര്‍ കാലാവധി. അടുത്ത രണ്ടു ഘട്ടങ്ങള്‍ അദാനി സ്വന്തം ചെലവില്‍ പൂര്‍ത്തിയാക്കിയാല്‍ നടത്തിപ്പവകാശം 20 വര്‍ഷം കൂടി ലഭിക്കും. 2028 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ 2093 വരെ പദ്ധതി നടത്തിപ്പ് അവകാശം അദാനിക്കായിരിക്കും.
ലാഭവിഹിതം 2034 മുതല്‍
പഴയ കരാര്‍ പ്രകാരം 2039 മുതലാണ് വരുമാനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ കരാര്‍ പ്രകാരം 2034 മുതല്‍ 1 ശതമാനത്തില്‍ തുടങ്ങി 40 വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 21 ശതമാനം ആയി വര്‍ധിക്കും. നിയമവകുപ്പിൻ്റെയും അഡ്വക്കേറ്റ് ജനറലിൻ്റെയും ഉപദേശം തേടിയ ശേഷം മന്ത്രിസഭ അനുബന്ധ കരാറിന് അംഗീകാരം നൽകുകയായിരുന്നു.
മുനമ്പം തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ നിയോഗിച്ച ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മിഷനോട് മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മിഷൻ്റെ പരിഗണനക്കായി കാര്യങ്ങൾ തയാറാക്കാൻ മന്ത്രിസഭ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, വിഴിഞ്ഞത്തിന് നേരേയുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണന തുടരുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടക്കണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യം പുനപരിശോധിച്ച് കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു.
ഏഷ്യയുടെ ചരക്കുഗതാഗതത്തിൻ്റെ ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറാൻ ഇനി വർഷങ്ങളുടെ അകലംമാത്രം ബാക്കിയിരിക്കെയാണ് കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയുന്ന തരത്തിൽ 2030-ഓടെ വിഴിഞ്ഞം സജ്ജമാകും.
പിപിപി മാതൃകയിൽ പണി പൂർത്തിയായ ആദ്യഘട്ടത്തിൽ തുറമുഖ നിർമാണത്തിനു മാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. പൂർണമായും ട്രാൻസ്ഷിപ്‌മെന്‍റ് തുറമുഖമായി രൂപകല്‍പന ചെയ്‌ത രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞത്തുള്ളത്. ഒരേസമയം, രണ്ട് കപ്പലുകൾക്ക് അടുക്കാനാകുന്ന 800 മീറ്റർ ബെർത്താണ് നിലവിലുള്ളത്. അടുത്തഘട്ടത്തിൽ അഞ്ചു വലിയ കപ്പലുകൾക്ക് ഒരേസമയം ബെർത്ത് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് ആവിഷ്‌കരിക്കുന്നത്.
ഈ വർഷം തന്നെ രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങൾ തുടങ്ങുമെന്നും 2028 ൽ പ്രവർത്തന സജ്ജമാകുമെന്നുമാണ് അദാനി ഗ്രൂപ്പ് അറിയിച്ചത്. 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കുൾപ്പെടെ വൻ മുടക്കു മുതൽ വിഴിഞ്ഞത്ത് എത്തും. ലോജിസ്റ്റിക് ഹബ്ബ്, ട്രിവാൻഡ്രം ഔട്ടർ റിങ് റോഡ്, എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ ഉൾപ്പെടെ ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ തുടങ്ങിയ പദ്ധതികളും ഇതോടെ വിഴിഞ്ഞത്തെത്തും.
അടുത്ത രണ്ടുഘട്ടങ്ങളും പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിലേക്ക് എത്തിച്ചേരും. കരാർപ്രകാരം 40 വർഷത്തേക്കാണ് തുറമുഖത്തിൻ്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നൽകിയിരുന്നത്. സ്വന്തംനിലയിൽ തുക മുടക്കി രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷത്തേക്കുകൂടി അദാനി ഗ്രൂപ്പിന് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
മൊത്തത്തില്‍ 2075 വരെ ആകെ 65 വർഷത്തേക്ക് തുറമുഖം അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലാകും. നിർമാണക്കാലയളവുൾപ്പെടെ 2034 വരെ ആദ്യത്തെ 15 വർഷം ലാഭവിഹിതം പൂർണമായും അദാനി ഗ്രൂപ്പിനാകും. 16-ാം വർഷം മുതൽ ഒരു ശതമാനം വീതം ലാഭവിഹിതം സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്‍റർനാഷണൽ സീ പോർട്ട് ലിമിറ്റഡിന് (വിസിൽ) നൽകും. ഇത് 40 വർഷം വരെ ഓരോ ശതമാനം വർധിച്ച് 25 ശതമാനം വരെയാകും.
അതേസമയം, നിലവിലെ അദാനി വിവാദവും പ്രതിസന്ധികളും കണക്കിലെടുത്താണ് ഇത്തരത്തില്‍ കരാറുമായി മുന്നോട്ട് പോകാൻ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നുവേണം കരുതാൻ. യുഎസ് അന്വേഷണ സംഘത്തിൻ്റെ റിപ്പോര്‍ട്ട് പ്രകാരം സൗരോര്‍ പദ്ധതിയില്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് പുലിവാലു പിടിച്ച അദാനി ഗ്രൂപ്പിന് സ്റ്റോക്ക് മാര്‍ക്കറ്റിലും ഇടിവ് സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ നീക്കം നിര്‍ണായകമാണ്.