മധുര : പഴനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കള്‍ക്ക് നിലനിന്ന വിലക്ക് ശരിവച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ക്ഷേത്രം വിനോദസഞ്ചാരത്തിനുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൊടിമരത്തിന് അപ്പുറത്തേക്ക് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അഹിന്ദുക്കള്‍ക്കുള്ള വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി സ്വദേശി സെന്തിൽ കുമാർ സമർപ്പിച്ച ഹർജിയില്‍ ജസ്‌റ്റിസ് എസ്. ശ്രീമതിയാണ് വിധിപറഞ്ഞത് (HC Directs Restricting Non Hindus in Temples).
ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15 ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ഉത്തരവില്‍ കോടതി ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രത്തിലെ കൊടിമരത്തിന് സമീപം വരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ. ക്ഷേത്രത്തിലെ വാസ്‌തുശില്‍പ ചാരുതയില്‍ ആകൃഷ്‌ടരായി വരുന്നവരാണെങ്കില്‍ പോലും അഹിന്ദുക്കളെ ക്ഷേത്രത്തിനുള്ളില്‍ അനുവദിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
മുരുക ഭക്തരിൽ ഹിന്ദുക്കൾ മാത്രമല്ല, അഹിന്ദുക്കളുമുണ്ടാകുമെന്നും അതിനാൽ അവരുടെ പ്രവേശനം പൂർണമായും നിരോധിക്കാൻ പാടില്ലെന്നും എതിർ സത്യവാങ്മൂലത്തിൽ തമിഴ്‌നാട് സർക്കാർ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ ക്ഷേത്ര പ്രവേശന നിയമപ്രകാരം ശ്രീകോവിൽ മാത്രമാണ് ആരാധനയ്‌ക്കുള്ള സ്ഥലമെന്നും ബാക്കി ഭാഗത്ത് അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കാൻ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.