കേരളം

kerala

ETV Bharat / bharat

ഒരു കാലത്ത് ഹരിയാന ഭരിച്ചിരുന്ന പാര്‍ട്ടികള്‍ ഇന്ന് വട്ടപ്പൂജ്യം, ചെറുപാര്‍ട്ടികള്‍ക്ക് എന്ത് സംഭവിച്ചു? ജാതീയ സമവാക്യങ്ങള്‍ നിര്‍ണായകമാകുമ്പോള്‍ - HARYANA ASSEMBLY ELECTION

ഒരു കാലത്ത് ഹരിയാന ഭരിച്ചിരുന്ന കര്‍ഷക പിന്തുണയുള്ള പാര്‍ട്ടികള്‍ ഇന്ന് ചെറു പാര്‍ട്ടികളായി. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെ കാണാൻ സാധിക്കാത്ത സാഹചര്യത്തിലെത്തി.

HARYANA ASSEMBLY ELECTION  LOK DAL JANATHA PARTY  CONGRESS BJP  ഹരിയാന തെരഞ്ഞെടുപ്പ്
Om Prakash Chautala and Devi Lal (Etv Bharat)

By ETV Bharat Kerala Team

Published : Oct 8, 2024, 1:26 PM IST

ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ അവിഭാജ്യ ഘടകമാണ് സാമുദായിക വോട്ടുകള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ജാട്ട് വിഭാഗമാണ് ആരാണ് സംസ്ഥാനം ഭരിക്കുക എന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ജാതീയ സമവാക്യങ്ങള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ ഹരിയാനയിലെ സാമുദായിക വോട്ട് ഉറപ്പിക്കാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആകെയുള്ള ജനസംഖ്യയില്‍ 27 ശതമാനത്തോളം ജാട്ട് വിഭാഗം ഉള്‍പ്പെടുന്നു. ആകെയുള്ള 90 സീറ്റുകളില്‍ 35 ഓളം സീറ്റുകളില്‍ ആര് വിജയിക്കണമെന്ന് തീരുമാനിക്കാൻ ഹരിയാനയിലെ ജാട്ട് വിഭാഗത്തിന് സാധിക്കും. ഓരോ തെരഞ്ഞെടുപ്പിലും ഹരിയാനയിലെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തീരുമാനിക്കുന്നത് ജാട്ട് സമുദായത്തില്‍ നിന്നാണ് എന്ന പ്രത്യേകതയുമുണ്ട്.

2019 ലെ കണക്കനുസരിച്ച്, ഹരിയാനയിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 25-27% ജാട്ട് വിഭാഗം, 21% പട്ടികജാതി, 8% പഞ്ചാബികൾ, 7.5% ബ്രാഹ്മണർ, 5.1% അഹിർ / യാദവ് , 5% വൈഷ്, 4% ജാട്ട് സിഖുകാർ, 3.8% മുസ്‌ലിങ്ങൾ, 3.4% രജപുത്രർ, 3.4% ഗുജ്ജർ, 2.9% സൈനി, 2.7% കുംഹാർ, 1.1% റോർ , 0.7% ബിഷ്ണോയികള്‍ എന്നിങ്ങനെയാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ ജാട്ട്, ദളിത്, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് 50 ശതമാനത്തോളം വരുന്നത്. ജാട്ട് സമുദായം ഭൂരിപക്ഷമായതിനാല്‍ 2024 ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ ജാട്ട് വിഭാഗത്തിന്‍റെ വോട്ട് ഉറപ്പിക്കാനാണ് കോണ്‍ഗ്രസ്, ബിജെപി, ആംആദ്‌മി, ജെജെപി-എഎസ്‌പി സഖ്യവും, ഐഎൻഎല്‍ഡി-ബിഎസ്‌പി സഖ്യവും ശ്രമിച്ചത്.

1946 മുതല്‍ 1962 വരെ പഞ്ചാബില്‍ ഉൾപ്പെട്ട പ്രദേശമായിരുന്നു ഇന്നത്തെ ഹരിയാന. ഈ കാലയളവില്‍ കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. പിന്നീട് ഹരിയാന സംസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ 1967 ല്‍ 48 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 12 സീറ്റുകളോടെ അഖില ഭാരത ജനസംഘ് ആയിരുന്നു രണ്ടാമത്. 1967 മുതല്‍ ഹരിയാന ഭരിച്ചിരുന്ന കോണ്‍ഗ്രസിന് 1977ലാണ് ആദ്യമായി ഭരണം നഷ്‌ടമാകുന്നത്. കോണ്‍ഗ്രസ് വിട്ട് ജനതാ പാര്‍ട്ടി (ജെപി) രൂപീകരിച്ച ചൗധരി ദേവി ലാലിന്‍റെ പാര്‍ട്ടിയാണ് 75 ഓളം സീറ്റുകളില്‍ വിജയിച്ച് 1977 ല്‍ ഭരണത്തില്‍ എത്തിയത്. ഇതായിരുന്ന ഹരിയാന തെരഞ്ഞെടുപ്പിലെ വഴിത്തിരിവ്. കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയിരുന്ന സംസ്ഥാനത്ത് ആദ്യമായി ഭരണമാറ്റം വന്നു.

ലോക് ദള്‍ പാര്‍ട്ടി രൂപീകരണവും ദേവി ലാലിന്‍റെ ഉദയവും:

1960 കാലഘട്ടത്തില്‍ കോണ്‍ഗ്രസിലെ ജനനായകൻ എന്നറിയപ്പെടുന്ന കര്‍ഷകരെ പിന്തുണയ്‌ക്കുന്ന നേതാവായിരുന്നു ചൗധരി ദേവി ലാല്‍. ഹരിയാന ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിക്കണമെന്ന് ദേവി ലാൽ അന്ന് മുതല്‍ വാദിച്ചിരുന്നു. ഇതിനുപിന്നാലെ, 1966 ൽ ഹരിയാന സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്‌തു. കോൺഗ്രസില്‍ അടിയുറച്ച നിന്നിരുന്ന ദേവി ലാൽ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ കോണ്‍ഗ്രസ് വിടുകയും ജനതാ പാര്‍ട്ടി രൂപീകരിക്കുകയും കോണ്‍ഗ്രസിനെ തോല്‍പിച്ച് ഹരിയാനയില്‍ ഭരണം പിടിക്കുകയും ചെയ്‌തു.

രണ്ട് പ്രാവശ്യം ഹരിയാന മുഖ്യമന്ത്രിയായിരുന്ന ദേവി ലാൽ, വിപി സിങ്ങിന് ശേഷം വന്ന ചന്ദ്ര ശേഖർ മന്ത്രിസഭയില്‍ ഉപ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സോനെപട്ടിൽ നിന്ന് ആദ്യമായി പാർലമെന്‍റ് അംഗമായിരുന്നു. ഇന്ത്യയുടെ 6 -ാ മത്തെ ഉപപ്രധാനമന്ത്രിയായിരുന്നു ദേവി ലാല്‍. 1977 ന് ശേഷം 1982 ല്‍ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവി ലാലിന്‍റെ പാര്‍ട്ടി ജനത പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്‌ടമാകുകയും, ഭജൻ ലാലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്‌തു. ജനതാ പാര്‍ട്ടിയുടെ പ്രാധാന്യം ഇല്ലാാതായെയെന്ന് തിരിച്ചറിഞ്ഞ ദേവി ലാല്‍ 1982 ൽ ലോക്‌ദൾ രൂപീകരിച്ചു.

ബിജെപി സഖ്യവും ലോക് ദളിന്‍റെ പതനവും:

1982 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേർന്നാണ് ലോക്‌ദള്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ ബിജെപി പിന്തുണച്ചിട്ടും ദേവിലാൽ മുഖ്യമന്ത്രി സ്ഥാനം നിരസിച്ചു. 1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റിൽ 85 സീറ്റും നേടി ദേവിലാൽ അധികാരം പിടിച്ചു. 1989 ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കറിൽ നിന്നും ഹരിയാനയിലെ റോത്തക്കിൽ നിന്നും മത്സരിച്ച ദേവിലാലിന് രണ്ട് മണ്ഡലത്തിൽ നിന്നും ജയിക്കാൻ കഴിഞ്ഞു.

1989 ൽ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം മകൻ ഓം പ്രകാശിന് കൈമാറി. സാംസ്ഥാന രാഷ്ട്രീയം വിട്ട് കേന്ദ്രത്തിലെ വിപി സിങ് മന്ത്രിസഭയിലെ ഉപ-പ്രധാനമന്ത്രിയായി ദേവി ലാല്‍ സ്ഥാനമേറ്റു. 1989 മുതല്‍ ഓം പ്രകാശായിരുന്നു ലോക്‌ദള്‍ നിയന്ത്രിച്ചിരുന്നത്. 1991ൽ ഇന്ത്യൻ ഗ്രാമങ്ങളെ കുറിച്ച് പഠിക്കാൻ ദേവി ലാൽ ഒരു വർഷം നീണ്ടു നിന്ന യാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയുടെ വിപുലീകരണത്തിന്‍റെ ഭാഗമായി ദേവി ലാല്‍ 1998 ൽ ഇന്ത്യൻ നാഷണൽ ലോക് ദൾ എന്ന പാർട്ടി രൂപീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹരിയാന വികാസ് പാര്‍ട്ടിയും ബൻസി ലാലിന്‍റെ ഉദയവും:

മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയും ആധുനിക ഹരിയാനയുടെ ശില്‌പിയുമായിരുന്ന ബൻസി ലാല്‍ 1996 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി വേർപിരിഞ്ഞതാണ് ഹരിയാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി മാറിയത്. കോണ്‍ഗ്രസ് വിട്ട ബൻസി ലാല്‍ ഹരിയാന വികാസ് പാർട്ടി രൂപീകരിച്ചു. 1996 ലെ നിമയസഭ തെരഞ്ഞെടുപ്പില്‍ 33 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഹരിയാന വികാസ് പാര്‍ട്ടി മാറി. 11 സീറ്റുള്ള ബിജെപിയുടെ പിന്തുണയോടെ ഹരിയാന വികാസ് പാര്‍ട്ടി നേതാവ് ബൻസി ലാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ 2004 ൽ ഹരിയാന വികാസ് പാര്‍ട്ടി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി.

ഇന്ത്യൻ നാഷണൽ ലോക് ദൾ രൂപീകരണവും പതനവും:

2000 ത്തിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവി ലാലിന്‍റെ മകനും ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവുമായിരുന്ന ഓം പ്രകാശിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ദേവി ലാലിന്‍റെ പിൻഗാമിയായിട്ടാണ് ഓം പ്രകാശ് ഹരിയാന മുഖ്യമന്ത്രിയായി എത്തിയത്. 47 സീറ്റുകളോടെ കേവലഭൂരിപക്ഷം മറികടന്ന് ഒറ്റയ്‌ക്കാണ് ഇന്ത്യൻ നാഷണൽ ലോക് ദൾ ഹരിയാനയില്‍ അധികാരത്തിലെത്തിയത്. ഇതിനുശേഷം 2019 വരെയുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണൽ ലോക് ദളിന് കേവലഭൂരിപക്ഷം മറികടക്കാൻ സാധിച്ചിട്ടില്ല എന്നത് പാര്‍ട്ടിയില്‍ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ വിശ്വാസം നഷ്‌ടമായത് മൂലമാണെന്നാണ് വിലയിരുത്തുന്നത്. 2005 ലും 2009 ലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും, 2014 ല്‍ ബിജെപി ആദ്യമായി ഹരിയാനയില്‍ ഭരണം പിടിച്ചപ്പോഴും ഓം പ്രകാശിന്‍റെ ഇന്ത്യൻ നാഷണൽ ലോക് ദൾ പ്രതിപക്ഷത്തായിരുന്നു. ഇതിനുശേഷം ഇതുവരെ ഭരണത്തിലെത്താനോ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റാനോ ഓം പ്രകാശിന്‍റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

ദുഷ്യന്ത് ചൗട്ടാലയും ജെജെപിയും, ഇന്ന് തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ലാത്ത ചെറുപാര്‍ട്ടികള്‍:

ചൗധരി ദേവിലാൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎൻഎൽഡി) പിളർത്തി 2018 ൽ സ്വന്തം പാർട്ടിയായ ജനനായക് ജനതാ പാർട്ടി (ജെജെപി) രൂപീകരിച്ചാണ് ദുഷ്യന്ത് ചൗട്ടാല ഹരിയാന രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്. ജെജെപിയുടെ സ്ഥാപക നേതാവ് കൂടിയാണ് ദുഷ്യന്ത്. 2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ദുഷ്യന്തിനെ ഹരിയാന ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. ദുഷ്യന്തിന്‍റെ ജെജെപിക്ക് 10 സീറ്റുകളാണ് നിലവില്‍ ഉള്ളത്. അതേസമയം, ഒരു കാലത്ത് ഹരിയാന ഭരിച്ചിരുന്ന ദേവി ലാലിന്‍റെ പാര്‍ട്ടിയായ ഇന്ത്യൻ നാഷണൽ ലോക്‌ദളിന് 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വിട്ട് ഒറ്റയ്ക്കായിരുന്നു ജെജെപി മത്സരിച്ചത്. കര്‍ഷകരെ വഞ്ചിച്ചെന്ന ആരോപണത്തിന് പിന്നാലെ ബിജെപി വിട്ട ജെജെപിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത് കനത്ത തിരിച്ചടിയായിരുന്നു.

DUSHYANT CHAUTALA (ETV Bharat)

5 സീറ്റുകളില്‍ ബിജെപിയും, 5 സീറ്റുകളില്‍ കോണ്‍ഗ്രസും വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ പോലും ജെജെപിക്ക് ജയിക്കാനായില്ല. ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്‍റെ ആസാദ് സമാജ് പാർട്ടിയുമായി സഖ്യത്തിലായാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിനെ ജെജെപി നേരിട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു സീറ്റില്‍ പോലും ജെജെപിക്കോ, ഇന്ത്യൻ നാഷണൽ ലോക്‌ദളിനോ വിജയിക്കാനായില്ല.

നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യൻ നാഷണൽ ലോക്‌ദളിന്‍റെ അഭയ് സിങ്ങും, ജെജെപിയുടെ ദുഷ്യന്തും പിന്നിലാണ്. ഒരു കാലത്ത് ഹരിയാന ഭരിച്ചിരുന്ന കര്‍ഷക പിന്തുണയുള്ള പാര്‍ട്ടികള്‍, ഇന്ന് ചെറു പാര്‍ട്ടികളായെന്ന് മാത്രമല്ല. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ തന്നെ കാണാൻ സാധിക്കാത്ത സാഹചര്യത്തിലെത്തി. അധികാര മോഹവും കര്‍ഷകരുടെ പിന്തുണ കുറഞ്ഞതും, സാമുദായിക വോട്ടുകള്‍ സമാഹരിക്കാൻ സാധിക്കാത്തതുമാണ് ജെജെപിയും ഇന്ത്യൻ നാഷണല്‍ ലോക്‌ദള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Read Also:അമ്പരപ്പിച്ച് ഹരിയാന; ജമ്മു കശ്‌മീരില്‍ ഇന്ത്യ സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്

ABOUT THE AUTHOR

...view details