ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപ്പോര ജില്ലയിൽ തിങ്കളാഴ്‌ച രാവിലെ വെടിയൊച്ച കേട്ടതിനെ തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷാ സേന. പുലർച്ചെ ബന്ദിപ്പോര ജില്ലയിലെ അരഗാം ഗ്രാമത്തിലാണ് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ, സുരക്ഷാ സേന പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ വെടിയൊച്ചകൾ നിലച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അടുത്ത കാലത്തായി താഴ്‌വരയിൽ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ജമ്മു കശ്‌മീരിലെ തീവ്രവാദികളെ തകർക്കാനും സുഗമവും അപകടരഹിതവുമായ അമർനാഥ് യാത്ര ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്‌ച സുരക്ഷാ സേനയ്‌ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ഉറച്ച ഉത്തരവിൻ്റെ വെളിച്ചത്തിൽ, സുരക്ഷാ സേന വരും ദിവസങ്ങളിൽ ജമ്മു കശ്‌മീരിൽ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ലക്ഷ്യമിട്ട് കടുത്ത തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കശ്‌മീരിൽ ചെയ്‌തതുപോലെ ജമ്മു ഡിവിഷനിലും ഭീകരവിരുദ്ധ പദ്ധതികളും നടപ്പാക്കാൻ സുരക്ഷാ ഏജൻസികളോട് ഷാ ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശം ഒരാഴ്‌ചയ്ക്കിടെ നാല് ഭീകരാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഒമ്പത് തീർത്ഥാടകരും ഒരു സിആർപിഎഫ് ജവാനും ആക്രമണത്തില്‍ ജീവൻ നഷ്‌ടപ്പെട്ടു. ഇത് സുരക്ഷാ മുന്നറിയിപ്പ് ഉയർത്തി.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നടത്തിയ യോഗത്തിൽ ജമ്മു കശ്‌മീരിലെ നിലവിലെ അവസ്ഥ ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സുരക്ഷാ സേന നടപടികൾ കർശനമാക്കുകയും വരും ദിവസങ്ങളിൽ മേഖലയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്യും. ഭീകരർക്കെതിരായ ഓപ്പറേഷൻ പ്രധാനമന്ത്രിയുടെ നിർദേശത്തിന് അനുസൃതമായി നടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ALSO READ:സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ സൈനികര്‍ മരിച്ചു