ഭോപ്പാൽ:കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർഥി കാന്തിദേവ് സിങ് നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് ജോര്‍ജ് കുര്യൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിയമസഭയിലെ റിട്ടേണിങ് ഓഫീസിൽ നിന്ന് അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ജോര്‍ജ് കുര്യനെതിരെ സ്വതന്ത്ര സ്ഥാനാർഥി കുൽദീപ് ബെലാവത്തും പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍ അദ്ദേഹത്തിന്‍റെ നാമനിർദേശ പത്രിക തള്ളി. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 11 രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തില്‍ ഒഴിവ് വരികയായിരുന്നു. ഈ സീറ്റിലേക്കാണ് ജോര്‍ജ്ജ് കുര്യന്‍ ഇപ്പോള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മൂന്നാം മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് കുര്യന്‍. ബിജെപിയിൽ നാല് പതിറ്റാണ്ടിലേറെയായി ദേശീയ നിർവാഹക സമിതി അംഗത്വം, യുവമോർച്ച ദേശീയ വൈസ് പ്രസിഡന്‍റ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതല്‍ അദ്ദേഹം പാർട്ടിയുടെ ഭാഗമാണ്.