ന്യൂഡൽഹി :ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് ചുമതലയേറ്റു. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് 30-ാമത് മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിർത്തികളിൽ ഒരുപാട് കാലത്തെ പ്രവർത്തന പരിചയമുള്ള ജനറൽ ദ്വിവേദി കരസേനയുടെ ഉപമേധാവിയായായി സേവനമനുഷ്‌ഠിക്കുകയായിരുന്നു.
ഫെബ്രുവരി 19 ന് ആർമി സ്‌റ്റാഫ് വൈസ് ചീഫ് ആയി ചുമതലയേൽക്കുന്നതിന് മുമ്പ്, ജനറൽ ദ്വിവേദി 2022-2024 വരെ നോർത്തേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്‌ഠിച്ചു. ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിൽ ഉൾപ്പെടെ വിവിധ സുരക്ഷാ വെല്ലുവിളികൾ ഇന്ത്യ അഭിമുഖീകരിക്കുന്ന സമയത്താണ് അദ്ദേഹം 1.3 ദശലക്ഷം വരുന്ന സൈന്യത്തിന്‍റെ ചുമതല ഏറ്റെടുത്തത്.
കരസേനാ മേധാവി എന്ന നിലയിൽ, തിയേറ്റർ കമാൻഡുകൾ പുറത്തിറക്കാനുള്ള കേന്ദ്രത്തിന്‍റെ അഭിലാഷ പദ്ധതിയിൽ നാവികസേനയുമായും ഇന്ത്യൻ വ്യോമസേനയുമായും അദ്ദേഹം ഏകോപിപ്പിക്കേണ്ടതുണ്ട്. രേവയിലെ സൈനിക് സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയായ ജനറൽ ദ്വിവേദി 1984 ഡിസംബർ 15-ന് ഇന്ത്യൻ ആർമിയുടെ 18 ജമ്മു കശ്‌മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം യൂണിറ്റിന്‍റെ കമാൻഡറായി.